Kasaragod Firecracker Blast: നീലേശ്വരത്തെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട്: നീലേശ്വരത്തെ പടക്ക അപകടത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12- മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 54 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ വിവിധ ആശൂപത്രികളിൽ ചികിത്സയിലാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക വിവരം.
തുലാം പത്തോടെ ഉത്തരകേരളത്തിൽ തെയ്യക്കാലം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം. കളിയാട്ടത്തിനായി എത്തിച്ച പടക്കങ്ങളും പൂജാ ദ്രവ്യങ്ങളും അടക്കം സൂക്ഷിച്ചിരുന്ന കലവറ പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ അഗ്നിഗോളമായി മാറുകയായിരുന്നു. പരിഭ്രമിച്ചോടുന്നതിനിടെ തട്ടി വീണും നിരവധി പേർക്ക് പരിക്കേറ്റു.
മറ്റ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തന്നെയാണ് ഇത്തവണ പടക്കം പൊട്ടിച്ചതെന്നും ഇതാണ് അപകടത്തിനു കാരണമെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മുപ്പതിനായിരം രൂപയുടെ ചൈനീസ് പടക്കങ്ങൾ മാത്രമേ വാങ്ങിയിരുന്നുള്ളൂ എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം. എന്നാൽ, പുറത്ത് വരുന്ന ദൃശ്യങ്ങളും പൊട്ടിത്തെറിയുണ്ടായ സ്ഥലത്തെ അവശേഷിപ്പുകളും ക്ഷേത്ര കമ്മിറ്റി വാദങ്ങൾ ഖണ്ഡിക്കുന്നതായി സ്പോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അനുമതിയും വാങ്ങിയിരുന്നില്ല. സംഭവത്തിൽ 8 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.