Karyavattom Campus Ragging: കാര്യവട്ടം കോളേജിലെ റാഗിങ്: ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Karyavattom Campus Ragging Case Updates: ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ആണ് കഴക്കൂട്ടം പോലീസിനും പ്രിൻസിപ്പലിനും പരാതി നൽകിയത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ആന്റി റാഗിങ്ങ് കമ്മിറ്റി റാഗിങ്ങ് നടന്നതായി സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കാര്യവട്ടം കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കാര്യവട്ടം ഗവണ്മെന്റ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേരെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിങ്ങ് ചെയ്ത കേസിലാണ് വേലു, പ്രിൻസ്, അനന്തൻ, പ്രാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെ കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാഗിങിന് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളെ കഴക്കൂട്ടം പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കാര്യവട്ടം ഗവണ്മന്റ് കോളേജിൽ റാഗിങ്ങ് നടന്നു എന്ന് പ്രിൻസിപ്പലും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവർക്കെതിരെ കേസെടുത്തത്.
ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ആണ് കഴക്കൂട്ടം പോലീസിനും പ്രിൻസിപ്പലിനും പരാതി നൽകിയത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ആന്റി റാഗിങ്ങ് കമ്മിറ്റി റാഗിങ്ങ് നടന്നതായി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതി റാഗിങ്ങ് നടന്നതായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർത്ഥികളെയും ഏഴു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. കോളേജിന്റെ ഗ്രൗണ്ടിൽ വെച്ചും, കാമ്പസിനുള്ളിലെ ഒഴിഞ്ഞ മുറിയിൽ വെച്ചും സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു എന്നാണ് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ തുപ്പിയ വെള്ളമാണ് അക്രമികൾ നൽകിയതെന്നും പരാതിയിൽ പറയുന്നുണ്ട്.