5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Karkidaka Vavubali 2024 : വാവുബലി ആരംഭിച്ചു; പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണത്തിന്

Karkidaka Vavubali 2024 Today : പിതൃമോക്ഷം തേടിയുള്ള കർക്കിടക വാവുബലി ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും

Karkidaka Vavubali 2024 : വാവുബലി ആരംഭിച്ചു; പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണത്തിന്
Karkidaka Vavubali 2024 (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Aug 2024 08:58 AM

കർക്കിടക വാവുബലി ആരംഭിച്ചു. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. പ്രധാന സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ഭക്തരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് പുലർച്ച 3.30ന് തന്നെ ബലി തർപ്പണത്തിന് തുടക്കമായി. നാളെ പുലർച്ച 4.20 വരെ ഇത് നീളും. 45 ബലിത്തറകളിലായി ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാനാവും.

മഴ മുന്നറിയിപ്പും പെരിയാറിലെ ഉയർന്ന ജലനിരപ്പും കണക്കിലെടുത്ത് ക്ഷേത്രത്തിനോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിലാണ് ബലിത്തറകൾ സജ്ജീകരിച്ചിട്ടുള്ളത്. തോട്ടക്കാട്ടുകര ഭാഗത്ത് നിന്ന് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അപകടസാധ്യതയുള്ളതിനാൽ പുഴയിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി അടിഞ്ഞു കിടക്കുന്നതിനാൽ അവിടേക്കും പ്രവേശനമില്ല.

പുലർച്ചെ രണ്ട് മണിയോടെയാണ് തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. ഇന്നലെ രാത്രി തന്നെ സ്ത്രീകളടക്കം ആയിരക്കണക്കിനാളുകൾ ഇവിടെയെത്തി ക്ഷേത്രമുറ്റത്തും ദേവസ്വം സത്രത്തിലുമൊക്കെയായി കഴിയുകയായിരുന്നു. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നീ പുണ്യനദികളുടെ സാന്നിധ്യം നിളയിലുണ്ടാവുമെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ ബലിതർപ്പണത്തിന് വലിയ പ്രാധാന്യമാണുള്ളത്.

Also Read : Karkidaka Vavu Bali 2024: എല്ലാ വര്‍ഷവും പിതൃക്കള്‍ക്ക് ബലിയിടണോ? കര്‍ക്കിടകവാവ് ബലിയുടെ പ്രത്യേകത

കര്‍ക്കിടക മാസത്തിലെ കറുത്തവാവിലാണ് കര്‍ക്കിടക വാവുബലി ആചരിക്കുന്നത്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കുമാണെന്നാണ് വിശ്വാസം. ജനുവരി 14 മുതല്‍ ആറുമാസത്തേക്ക് ഉത്തരായമം. പിന്നീടുള്ള കാലയളവ് ദക്ഷിണായനവുമാണ്. ഈ കാലയളവ് കറുത്തപക്ഷമാണ്, കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരും. ഭൂമിയില്‍ നാം അനുഭവിക്കുന്ന ഒരു മാസം അവര്‍ക്ക് ഒരു ദിവസമാണ്. അങ്ങനെ ആകെയുള്ള 12 മാസങ്ങള്‍ അവര്‍ക്ക് 12 ദിവസങ്ങളായി അനുഭവപ്പെടുന്നു. ഈ 12 ദിവസത്തില്‍ ഏതെങ്കിലുമൊരു ദിവസം പിതൃക്കള്‍ക്ക് അന്നം നല്‍കണം. ആ ദിനമാണ് വാവുബലി, കര്‍ക്കിടക വാവുബലിയെ ആണ്ടുബലിയായി കണക്കാക്കുകയില്ല.

കര്‍ക്കിടക വാവുബലി ഇടാത്ത ഉറ്റവരോട് പിതൃക്കള്‍ കോപിക്കുമെന്നും വിശ്വാസമുണ്ട്. പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മത്തെ തര്‍പ്പണം എന്നാണ് പറയുന്നത്. അരി, പൂവ്, ജലം, എള്ള് എന്നിവകൊണ്ടാണ് തര്‍പ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവര്‍ മാത്രമേ തര്‍പ്പണം ചെയ്യാവൂ. പിതാവ്, മാതാവ്, മുത്തച്ഛന്‍, മുത്തശി, പങ്കാളി, മാതൃപിതാവിനും മാത്രമേ ഒരാള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ സാധിക്കുകയുള്ളു.

ഈ തര്‍പ്പണം ചെയ്യേണ്ടത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്. എന്നാല്‍ തര്‍പ്പണത്തെ ഒരിക്കലും ശ്രാദ്ധ കര്‍മവുമായി താരതമ്യം ചെയ്യരുത്. ശ്രാദ്ധ കര്‍മം ചെയ്യുന്നത് നമ്മുടെ പിതൃക്കള്‍ മികച്ച നാളിലാണ്. എന്നാല്‍ എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാവുന്നതാണ്. എല്ലാ മാസത്തിലേയും കറുത്തവാവിന് തര്‍പ്പണം നടത്താമെങ്കിലും തുലാ മാസത്തിലെയും കര്‍ക്കിടക മാസത്തിലെയും അമാവാസികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

 

Latest News