Kannur Child Death : നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12 വയസ്സുകാരി,ഞെട്ടലിൽ നാട്
Pappinisseri Child Death: അമ്മയുടെ കരച്ചിൽ കേട്ടെത്തിയ ആളുകൾ ദമ്പതികളുടെ വാടക മുറിയിൽ എത്തി തിരച്ചിൽ ആരംഭിച്ചു. പിന്നീട് കിണറ്റിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

കണ്ണൂർ: വെറും നാല് മാസം പ്രായമായ കുഞ്ഞിൻ്റെ മരണത്തിൻ്റെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കൊലപാതകത്തിലാണ്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൻ്റെ കിണറ്റിലാണ് നാല് മാസം പ്രായമായ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ മകളാണ് മരിച്ചത്.
കേസിൽ വിശദമായ അന്വേഷണം നടത്തിയ പോലീസ് ദമ്പതികളുടെ തന്നെ ബന്ധുവിൻ്റെ 12 വയസ്സുകാരിയാണ് പ്രതിയെന്ന് മനസ്സിലാക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30-ന് വീടിൻ്റെ ഹാളിൽ ബന്ധുവിൻ്റെ കുട്ടികൾക്കൊപ്പം ഉറങ്ങിയതായിരുന്നു കുട്ടി. രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലാക്കിയത്.
അമ്മയുടെ കരച്ചിൽ കേട്ടെത്തിയ ആളുകൾ ദമ്പതികളുടെ വാടക മുറിയിൽ എത്തി തിരച്ചിൽ ആരംഭിച്ചു. പിന്നീട് കിണറ്റിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടത്. ഇവരിൽ ചിലർ താഴെയിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മാതാപിതാക്കൾ സംഭവം പൊലീസിൽ അറിയിച്ചത്.