Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
Jaundice outbreak In Kannur: മഞ്ഞപ്പിത്ത വ്യാപനവും ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയതിൻ്റെയും പശ്ചാതലത്തിൽ തളിപ്പറമ്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിലെ എല്ലാ സ്വകാര്യ കുടിവെള്ള വിതരണവും നിലവിൽ നിരോധിച്ചിരിക്കുകയാണ്.
കണ്ണൂർ: സംസ്ഥാനത്ത് മഞ്ഞപ്പിത്ത വ്യാപനം (Jaundice outbreak) തുടരുന്നതിനിടെ തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ജാഫറിൻറെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയിലാണ് ഇയാൾ കുടിവെള്ളം വിതരണം ചെയ്യുന്നത്.
ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നതെന്നാണ് റിപ്പോർട്ട്. കിണർ ശുചീകരിക്കാനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത വ്യാപനവും ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയതിൻ്റെയും പശ്ചാതലത്തിൽ തളിപ്പറമ്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിലെ എല്ലാ സ്വകാര്യ കുടിവെള്ള വിതരണവും നിലവിൽ നിരോധിച്ചിരിക്കുകയാണ്.
കളമശ്ശേരിയിലും മഞ്ഞപ്പിത്ത ഭീതി
എറണാകുളം കളമശ്ശേരിയിലും ഭീതിയുയർത്തി മഞ്ഞപ്പിത്ത വ്യാപനം. പ്രദേശത്ത് ഇതുവരെ 13 പേർക്കാണ് മഞ്ഞപ്പിത്തം രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ കളമശ്ശേരി നഗരസഭയിലെ 10, 12, 14 വാർഡുകളിലായാണ് രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം, ഐസ് തുടങ്ങിയവയിലൂടെയാവാം രോഗം പകർന്നത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.
കളമശ്ശേരി നഗരസഭാ പരിധിയിൽപെട്ട ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് 30ലധികം പേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. പത്താം വാർഡിലെ പെരിങ്ങഴയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗികൾ ആശുപത്രിയിലെത്തുന്നത്.
നഗരസഭയിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ALSO READ: കളമശ്ശേരിയിൽ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം; ഇതുവരെ അസുഖം ബാധിച്ചത് 13 പേർക്ക്
മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ
സാധാരണയായി മഞ്ഞപ്പിത്തം ബാധിച്ചാൽ ശരീരവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനുമാകെ മഞ്ഞനിറം എന്നിവയാണ് പ്രധാനമായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ആദ്യഘട്ടത്തിൽ തന്നെ ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും നൽകിയില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ ഉണ്ടാകുകയും ചെയ്യുന്നു. 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ കൂടുതലോ വളരുന്നതിനെയാണ് അപകടകരമായി കണക്കാക്കുന്നത്.
ഇത്തരത്തിൽ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അവ മൂത്രത്തിലൂടെ പുറത്തുപോകുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുകയും ചെയ്യുന്നത്. തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്ത് വേദന എന്നിവയും മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങളാണ്.
എന്താണ് മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന മാരകമായ ഒരസുഖമാണ് മഞ്ഞപ്പിത്തം. ദഹനത്തെ സഹായിക്കുന്ന പിത്തരസം നിർമ്മിക്കുന്നത് കരളിനെയാണ് ഈ ആസുഖം പ്രധാനമായും ബാധിക്കുന്നത്. പിത്തരസം പിത്താശയത്തിൽ സംഭരിച്ച് വിതരണം ചെയ്യുന്നത്. ഇങ്ങനെ നിർമ്മിച്ച്, സംഭരിച്ച്, വിതരണം ചെയ്യുന്ന പിത്തരസത്തിൻ്റെ നിർമ്മാണത്തിലോ വിതരണത്തിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുമ്പോഴാണ് അത് മഞ്ഞപ്പിത്തമെന്ന മാരക അസുഖമായി മാറുന്നത്.
പിത്തരസത്തിന് നിറം നൽകുന്ന ബിൽറൂബിൻ കൂടുതലായി രക്തത്തിൽ കലരുമ്പോൾ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം കാണപ്പെടുന്നു. മൂന്ന് തരം മഞ്ഞപ്പിത്തങ്ങളാണുള്ളത്. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ട്, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തുള്ള വേദന എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇതുവരെ മഞ്ഞപ്പിത്തത്തിന് പ്രത്യേകമായി ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ നൽകുകയാണ് ചെയ്യാറുള്ളത്. ഇതിനൊപ്പം കൃത്യമായ മുൻകരുതലുകളും ഉണ്ടാവണം.