Kannur Man Death: സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിൽ ബന്ധം; സൗഹൃദം തടഞ്ഞതിൽ പക; കൈതപ്രം കൊലപാതകത്തിൽ എഫ്ഐആർ
Kannur Goods Auto Driver Murder:വീട് പണിക്കായി എത്തിയ സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായ സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം തുടരാൻ രാധാകൃഷ്ണൻ തടസ്സമായി വന്നതോടെയാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മുതിർന്നതെന്നും എഫ്ഐആറിൽ പറയുന്നു.

കണ്ണൂർ: കൈതപ്രത്ത് കഴിഞ്ഞ ദിവസം ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ പോലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കെ കെ രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും തമ്മിൽ സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഈ സൗഹൃദം തകർന്നതിനുള്ള പകയാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീട് പണിക്കായി എത്തിയ സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായ സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം തുടരാൻ രാധാകൃഷ്ണൻ തടസ്സമായി വന്നതോടെയാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മുതിർന്നതെന്നും എഫ്ഐആറിൽ പറയുന്നു.
രണ്ട് മാസം മുൻപ് പ്രതിക്കെതിരെ രാധാകൃഷ്ണൻ പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതി കൊലപാതകം ചെയ്തത് ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണ്. സംഭവത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു ചിത്രത്തിന് താഴെ കുറിച്ചത്. ഇതിനു ശേഷമാണ് സംഭവം തുടർന്ന് വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ ഇയാൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. ശബ്ദം കേട്ട് അയൽവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രതി സന്തോഷ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. ഈ തോക്കിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.