ADM Naveen Babu Death: ചേതനയറ്റ് ജന്മനാട്ടിലേക്ക്; നവീൻ ബാബുവിന്റെ മരണത്തിൽ പരാതിയുമായി കുടുംബം, സംസ്കാരം നാളെ
Kannur ADM Naveen Babu: നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ ഹർത്താൽ. പിപി ദിവ്യയുടെ വസതിയിലേക്ക് സംഘടനകൾ പ്രതിഷേധമാർച്ച് നടത്തും
പത്തനംതിട്ട: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ(56) സംസ്കാരം നാളെ. പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദർശനത്തിന് ശേഷം മലയാലപ്പുഴയിലെ വീട്ടിൽ സംസ്കാരചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ അർധരാത്രിയോടെ എഡിഎമ്മിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ മൃതദേഹം പത്തനംതിട്ടയിൽ എത്തിക്കും.
നവീൻ ബാബുവിന്റെ മരണത്തിൽ സഹോദരൻ പ്രവീൺ ബാബു കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. മരണത്തിൽ പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പശാന്തിന്റെ പങ്കും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രവീൺ ബാബു പറഞ്ഞു. നവീൻ ബാബു ജോലി ചെയ്തിരുന്ന കാസർകോട്, കണ്ണൂർ ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. കലാ-രാഷ്ട്രീയ- സാംസ്കാരിക നിരവധി പേർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കണ്ണൂരിലും മലയാലപ്പുഴ പഞ്ചായത്തിലും ബിജെപിയും കോൺഗ്രസും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ ഹർത്താൽ. പിപി ദിവ്യയുടെ വസതിയിലേക്ക് സംഘടനകൾ പ്രതിഷേധമാർച്ച് നടത്തും. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരും അവധിയെടുക്കും. വിവിധ സർവ്വീസ് സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ ആയിരത്തോളം വില്ലേജ് ഓഫീസസർമാർ ഉൾപ്പെട്ട അനൗദ്യോഗിക വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വ്യാജ പരാതി നൽകിയ പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ശമ്പളം കെെപ്പറ്റുന്ന ഉദ്യോഗസ്ഥൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. ഇന്നലെ പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഭാര്യയും മക്കളും നവീൻ ബാബു എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് സമയത്ത് ധരിച്ചിരുന്ന അതേവേഷത്തിലായിരുന്നു മരണം.