Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kanjirappally Twin Murder Case Verdict : കുമളി ഷഫീഖ് വധശ്രമകേസിൽ ഒന്നാം പ്രതിയായ അച്ഛൻ ഷെരീഫിന് 7 വർഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവിനും ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ശിക്ഷ വിധിച്ചത്
കോട്ടയം: രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് സുപ്രധാന കേസുകളിലാണ് ശിക്ഷ വിധിച്ചത്. ഇന്നലെ കുമളി ഷഫീഖ് വധശ്രമക്കേസിലും, ഇന്ന് കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകക്കേസിലുമാണ് കോടതി ശിക്ഷ വിധിച്ചത്.
കാഞ്ഞിരപ്പള്ളി കേസ്
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സഹോദരനെയും അമ്മാവനെയും പ്രതി വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), അമ്മാവന്‍ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ പ്രതിയായ ജോര്‍ജ് കുര്യൻ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി കുടുംബവീട്ടില്‍ ഭക്ഷണമുറിയിൽ സംസാരിച്ചിരുന്ന ഇരുവർക്കും നേരേ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ ഉടന്‍ തന്നെയും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. 138 സാക്ഷികളെയും 96 രേഖകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലെ അസിസ്റ്റൻറ് ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ് എസ് മൂർത്തി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി. 50 വെടിയുണ്ടകൾ നിറച്ച വിദേശനിർമിത തോക്കുമായെത്തി പ്രതി 6 റൗണ്ട് വെടിവച്ചെന്ന് കണ്ടെത്തിയിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളായിരുന്നു കൊലപാതകത്തിന് പിന്നില്‍. ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കണ്ടെത്തിയിരുന്നു.
Read Also : എസ്ഐയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
കുമളി ഷെഫീഖ് വധശ്രമക്കേസ്
കുമളി ഷെഫീഖ് വധശ്രമകേസിൽ ഒന്നാം പ്രതിയായ അച്ഛൻ ഷെരീഫിന് 7 വർഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവിനും ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ശിക്ഷ വിധിച്ചത്. ഷരീഫ് 50,000 രൂപയും അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. പിഴ നല്‍കിയില്ലെങ്കില്‍ ഇരുവരും ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും.
സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. കേരളത്തെ ഏറെ ഞെട്ടിച്ചതായിരുന്നു ഈ കേസും. 2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് നാലര വയസ് മാത്രമായിരുന്നു ഷെഫീഖിന് പ്രായം.
മെഡിക്കല്‍ തെളിവുകളും, സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി പ്രോസിക്യൂഷന്‍ വാദിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വധശ്രമം തുടങ്ങിയവയും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.
കുട്ടിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ് ഷെഫീഖ്. രാഗിണി എന്ന ആയയാണ് ഷെഫീഖിനെ പരിചരിക്കുന്നത്. പോറ്റമ്മയെ പോലെ കഴിഞ്ഞ 11 വര്‍ഷമായി രാഗിണി ഷെഫീഖിന് ഒപ്പമുണ്ട്.