Kalamassery Polytechnic Ganja Raid: ഒരു പൊതി കഞ്ചാവിന് 500 രൂപ, പ്രീബുക്കിംഗ് ചെയ്യുന്നവർക്ക് ഓഫർ; കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ടയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Kalamassery Polytechnic Hostel Cannabis Raid Case: ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില. മുൻകൂട്ടി പണം നൽകുന്നവർക്ക് ഓഫറിലാണ് കഞ്ചാവ് നൽകിയതെന്നും പോലീസ് പറയുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്ക് കഞ്ചാവ് നൽകും എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പോലീസ് കണ്ടെത്തി.

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്, കഞ്ചാവ് വാങ്ങിക്കുന്നവർക്ക് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ വിതരണക്കാർ നിശ്ചയിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില. മുൻകൂട്ടി പണം നൽകുന്നവർക്ക് ഓഫറിലാണ് കഞ്ചാവ് നൽകിയതെന്നും പോലീസ് പറയുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്ക് കഞ്ചാവ് നൽകും എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പോലീസ് കണ്ടെത്തി.
അതേസമയം കോളേജ് പ്രിൻസിപ്പാൾ പോലീസിനു നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. 12-ാം തീയതി കോളേജ് ഹോസ്റ്റലിൽ ലഹരിവേട്ട നടക്കുന്നുവെന്ന് പറഞ്ഞ് പ്രിൻസിപ്പൾ പോലീസിനു കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.
Also Read:കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നും പ്രിൻസിപ്പാൾ നൽകിയ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസിൽ ഇന്ന് രണ്ട് പേർ കൂടി അറസ്റ്റിലായി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇരുവരും പൂർവ വിദ്യാർത്ഥികളാണ്. പിടിയിലായ വിദ്യാർത്ഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അറസ്റ്റിലേക്ക് എത്തിയത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.