Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
Kalamassery Polytechnic Ganja Raid Case: കോളേജിൽ നിന്നും ഡ്രോപ്പൗട്ടായ ആഷിക്ക് എന്ന യുവാവാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നൽകിയതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ആഷിക്ക് ഹോസ്റ്റലിലെത്തി ആകാശിന് കഞ്ചാവ് കൈമാറിയതെന്ന് പോലീസ് പറയുന്നു.

കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളും.
കോളേജിൽ നിന്നും ഡ്രോപ്പൗട്ടായ ആഷിക്ക് എന്ന യുവാവാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നൽകിയതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ആഷിക്ക് ഹോസ്റ്റലിലെത്തി ആകാശിന് കഞ്ചാവ് കൈമാറിയതെന്ന് പോലീസ് പറയുന്നു. ആകാശിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വാങ്ങാന്‍ പിരിവ് നടന്നത്. ഈ പിരിവിന്റെ വിവരമാണ് പോലീസിന് ലഭിച്ചത്. ആകാശിനൊപ്പം താമസിച്ചിരുന്ന കെ.എസ്.യു പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ലഹരിയിടപാടിൽ ഇരുവർക്കും പങ്കിലെന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം ആകാശിനെ വീണ്ടും ചോദ്യം ചെയ്യും. നിലവിൽ റിമാൻഡിലായ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലിൽ നടത്തിയ അന്വേഷണത്തിലാണ് 2 കിലോയിലേറെ കഞ്ചാവ് പിടിക്കൂടിയത്. സംഭവത്തിൽ രണ്ട് എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഇയാൾ വിൽപ്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.