Kalamassery Polytechnic Ganja Raid: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kalamassery College Hostel Ganja Case Updates: പോളിടെക്‌നിക് കോളേജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ കനത്ത നിരീക്ഷണത്തിലായിരുന്നു പ്രദേശം. പോളിടെക്‌നിക്കിന്റെ പരിസരത്ത് നിന്ന് കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിയെ കഞ്ചാവുമായി പോലീസ് നേരത്തെ പിടികൂടിയിരുന്നു.

Govt Polytechnic College Kalamassery
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസ് പരിശോധന നടത്തിയ വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹോളി ആഘോഷിക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് വിതരണം ചെയ്യുന്നതിനായി പണപ്പിരിവ് നടന്നതായി പോലീസ്.
പോളിടെക്‌നിക് കോളേജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ കനത്ത നിരീക്ഷണത്തിലായിരുന്നു പ്രദേശം. പോളിടെക്‌നിക്കിന്റെ പരിസരത്ത് നിന്ന് കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിയെ കഞ്ചാവുമായി പോലീസ് നേരത്തെ പിടികൂടിയിരുന്നു. വിദ്യാര്‍ഥി നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ് നടത്തിയതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് 13ന് രാത്രി ഒന്‍പത് മണിയോടെയാണ് നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടന്നത്. ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധനം. രാത്രി ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാലുവരെ നീണ്ടു.
രണ്ട് കിലോയോളം കഞ്ചാവാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഹോസ്റ്റലിലെ ഒന്നാം നിലയിലുള്ള ജി 11 എന്ന മുറിയില്‍ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. രണ്ടാം നിലയിലുള്ള എഫ് 39 മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവിന് പുറമെ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, കോളേജ് ക്യാമ്പസില്‍ നിന്നും നേരത്തെയും ചെറിയ അളവില്‍ ലഹരിമരുന്ന് പിടികൂടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറയുന്നത്. ലഹരിയുടെ വരവ് തടയുന്നതിനായി ആറുമാസമായി പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പസില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ അതിന്റെ ഭാഗമാണ്. നിലവില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. അവര്‍ക്കിനി ഒരാഴ്ച കൂടിയേ ക്ലാസുള്ളൂ. വിദ്യാര്‍ഥികളുടെ ഭാവിയുമായി സംബന്ധിച്ച് അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥികളെയും കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം ആകാശ്, ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് സ്വദേശി ആര്‍ അഭിരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.