5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kalamassery College Hostel Ganja Case: ‘ആരെയും കുടുക്കിയതല്ല, കൃത്യമായ തെളിവുണ്ട്’; കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ ആരോപണങ്ങൾ തള്ളി പൊലീസ്

Kalamassery College Hostel Ganja Case: കളമശ്ശേരി കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ പ്രതികരണവുമായി പൊലീസ്. ആരെയും കുടുക്കിയിട്ടില്ലെന്നും അറസ്റ്റിലായവർക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും എസിപി പറഞ്ഞു.

Kalamassery College Hostel Ganja Case: ‘ആരെയും കുടുക്കിയതല്ല, കൃത്യമായ തെളിവുണ്ട്’; കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ ആരോപണങ്ങൾ തള്ളി പൊലീസ്
ACP PV Baby about kalamassery ganja raid
nithya
Nithya Vinu | Published: 14 Mar 2025 15:01 PM

കൊച്ചി: കളമശ്ശേരി കോളേജ് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ ആരോപണങ്ങൾ തള്ളി പൊലീസ്. കേസിൽ ആരെയും കുടുക്കിയിട്ടില്ലെന്നും അറസ്റ്റിലായവർക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. കോളേജ് യൂണിയൻ സെക്രട്ടറിയെ കേസിൽ കുടുക്കിയെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.

ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്നും കോളേജ് അധികൃതരിൽ നിന്നും അനുമതി കിട്ടിയ ശേഷമാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. അറസ്റ്റിലായവർക്ക് കേസുമായി ബന്ധമുണ്ടെന്നും എസിപി വ്യക്തമാക്കി. സംഭവവത്തിൽ ബന്ധപ്പെട്ട് കോളേജിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്ക് അന്വേഷിച്ച് വരികയാണ്. ഹോസ്റ്റല്‍ റെയിഡിന്റെ സമയത്ത് വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലം വന്നാലേ കൂടുതൽ പറയാന്‍ കഴിയുകയുള്ളുവെന്നും എസിപി വ്യക്തമാക്കി.

ഹോസ്റ്റലില്‍ ലഹരിപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയ്ക്ക് കിട്ടിയ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക്‌സ് എസിപിയുടേയും ഡാന്‍സാഫിന്റേയും കളമശ്ശേരി പൊലീസിന്റേയും നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.  കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഇന്നലെ അർദ്ധരാത്രി നടന്ന മിന്നൽ പരിശോധനയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

ALSO READ: പൊലീസില്‍ പരാതി നല്‍കിയതിന്റെ പക, ബട്ടണ്‍സ് ഇട്ടില്ലെന്നും പറഞ്ഞ് കൊണ്ടോട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌

രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. പരിശോധനയ്ക്ക് പിന്നാലെ മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ നേതാവും പോളിടെക്നിക് യൂണിയൻ സെക്രട്ടറിയുമായ കരുനാ​ഗപള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശിയും അഭിരാജിന്റെ റൂംമേറ്റുമായ ആദിത്യൻ, താഴെ നിലയിൽ താമസിക്കുന്ന ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.70 ​ഗ്രാം കഞ്ചാവും ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കൂടാതെ അളവ് തൂക്ക ഉപകരണം, കഞ്ചാവ് വലിക്കുന്ന ഉപകരണം, മദ്യ കുപ്പികൾ തുടങ്ങിയവയും പരിശോധനയിൽ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

അഭിരാജിനെയും ആദിത്യനെയും പ്രതിയാക്കി ഒരു കേസ്, ആകാശിനെതിരെ ഒരു കേസ് എന്നിങ്ങനെ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രാവിലെ 9 മണിയോടെ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തൊട്ടുപിന്നാലെ പൊലീസിനെതിരെ എസ്എഫ്ഐ രം​ഗത്ത് വന്നു. താൻ കഞ്ചാവ് ഉപയോ​ഗിക്കുന്ന ആളല്ലെന്നും ഇത് തന്നെ മനപൂർവ്വം കുടുക്കിയതാണെന്നും അഭിരാജ് ആരോപിച്ചു. ക്യാമ്പസിൽ പൊലീസ് എത്തിയ ഉടനെ കെ.എസ്.യു ഭാരവാഹികളായ ആദിലും അനന്തുവും ഒളിവിൽ പോയെന്നും അവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും എസ്എഫ്ഐ ചോദിച്ചു. എന്നാൽ ഒളിവിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കി ആദിലും അനന്തുവും മാധ്യമങ്ങൾക്ക് മുന്നിൽ വന്നു.ആകാശിനെ വൈകിട്ടോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം പൊലീസ് പിടിയിലായ മൂന്ന് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.