Traco Cable Employee Suicide: കാക്കനാട് ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ജീവനൊടുക്കി; ശമ്പളം കിട്ടാത്തതിലെ മനോവിഷമമെന്ന് സഹപ്രവർത്തകർ
Kakkanad Traco Cable Company Employee Suicide: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്.
കൊച്ചി: എറണാകുളം ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനിയിലെ തൊഴിലാളി ജീവനൊടുക്കി. കാക്കനാട് സ്വദേശി ഉണ്ണി (54) ആണ് ആത്മത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ശമ്പളം ലഭിക്കാത്തതിൽ ഉള്ള മനോവിഷമത്തിൽ ആണ് ഉണ്ണി ജീവനൊടുക്കിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഉണ്ണിയുടെ മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും ഉണ്ണി ജോലിക്കായി കമ്പനിയിൽ എത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ പതിനൊന്ന് മാസത്തെ ശമ്പളം ആണ് പൂർണമായി മുടങ്ങി കിടക്കുന്നതെന്ന് കമ്പനിയിലെ മറ്റ് ജീവനക്കാർ പറയുന്നു.
ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലവും മറ്റും ഇൻഫോപാർക്കിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയായിരുന്നു. ഈ ചർച്ചകൾ വിജയമാകുമെന്നും, അങ്ങനെ സംഭവിച്ചാൽ മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ, വ്യാഴാഴ്ച തിരുവല്ലയിൽ വെച്ച് നടന്ന ചർച്ചയിൽ മാനേജ്‌മന്റ് അങ്ങനെ ഒരു പാക്കേജ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി. ഇതേ തുടർന്ന് ഉണ്ടായ മനോവിഷമം കൂടിയാണ് ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നത്.
ALSO READ: തിരച്ചിലിനൊടുവിൽ ആശ്വാസം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി
ഇതിനിടയിൽ ഉണ്ണിയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു അദ്ദേഹമെന്ന് ബന്ധുക്കളും പറഞ്ഞു. ഉണ്ണിയുടെ ആത്മഹത്യക്ക് പിന്നാലെ തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചു. ഈ സ്ഥിതി തുടർന്നാൽ ഇനിയും ഒരുപാട് തൊഴിലാളികൾ ജീവനൊടുക്കേണ്ടി വരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ട്രാക്കോ കേബിൾസിന്റെ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. ഈ സ്ഥാപനം ഏറെ നാളായി അടച്ചു പൂട്ടലിന്റെ വക്കിലാണ്. സംസ്ഥാനത്തെ മറ്റ് സ്വകാര്യ കേബിൾ കമ്പനികളെക്കാൾ പേര് കേട്ട സ്ഥാപനമാണ് ട്രാക്കോ കേബിൾസ്. കൊച്ചി ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി അഞ്ഞൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഒരു കാലത്ത് കോടിക്കണക്കിന് വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാപനമാണിത്. എന്നാൽ കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായതോടെ തൊഴിലാളികൾ സമരങ്ങളും നടത്തിയിരുന്നു.
ഇതിനിടെ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരുടെ ശമ്പള വിതരണം പൂർണമായും മുടങ്ങുന്നത്. ഇതിന് പിന്നാലെ, വ്യവസായ മന്ത്രി പി രാജീവ് തൊഴിലാളികളുടെ യോഗം വിളിച്ചുകൂട്ടിയെങ്കിലും ശമ്പള കുടിശിക തീർക്കണം എന്ന ആവശ്യം തന്നെയാണ് ജീവനക്കാർ മുന്നോട്ട് വെച്ചത്.
1964-ൽ സ്ഥാപിച്ച ടാക്കോ കേബിളിന്റെ സഞ്ചിത ബാധ്യത ഏകദേശം 245 കോടി രൂപയാണെന്നാണ് കണക്ക്. സ്ഥാപനം സ്ഥിതി ചെയുന്ന 35.5 ഏക്കർ ഭൂമി ഇൻഫോപാർക്കിന് കൈമാറുന്നതിലൂടെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സാധിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞതും. അതിനിടെ ആണ്, ജീവനക്കാരന്റെ ആത്മഹത്യ ഉണ്ടായിരിക്കുന്നത്.