K Surendran: പട്ടാപ്പകലും ബാങ്ക് കൊള്ളയടിക്കുന്ന നിലയില്‍ കേരളത്തെ എത്തിച്ചത് പിണറായിയുടെ ഭരണമികവ്; പൊലീസ് പരാജയം: വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍
K. Surendran lashes out at Kerala government: പിണറായി ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്ന് മാറുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍. ലഹരി മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും കേരളത്തില്‍ പിടിമുറുക്കുന്നു. പരസ്യമായ മയക്കുമരുന്ന് ഉപയോഗം സംസ്ഥാനത്ത് നിത്യസംഭവമായി. സര്‍ക്കാരിന്റെയും പൊലീസിന്റെയും മൃദുസമീപനമാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍

തൃശൂര്‍ ചാലക്കുടി പോട്ടയില്‍ ഫെഡറല്‍ ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിക്കുന്ന നിലയില്‍ കേരളത്തെ എത്തിച്ചത് പിണറായിയുടെ ഭരണമികവാണെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതിന് തെളിവാണ് സംഭവമെന്നും, അക്രമിക്ക് ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവരാനായത് സംസ്ഥാന പൊലീസിന്റെ പരാജയമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
പിണറായി ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്ന് മാറുന്നതാണ് നല്ലത്. കേരളത്തില്‍ ലഹരി മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും പിടിമുറുക്കുന്നു. പരസ്യമായ മയക്കുമരുന്ന് ഉപയോഗം സംസ്ഥാനത്ത് നിത്യസംഭവമായി. സര്‍ക്കാരിന്റെയും പൊലീസിന്റെയും മൃദുസമീപനമാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തില്‍ അര ഡസന്‍ കൊലപാതകങ്ങളാണ് ഒരാഴ്ചയ്ക്കിടെ നടന്നത്. റാഗിങ് ആക്രമണങ്ങളും നടന്നു. തീവ്രവാദസംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു കോട്ടയത്തെ റാഗിങ്. പ്രതികള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായതിനാല്‍ പൊലീസ് സംരക്ഷിക്കുനന്നു. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ സംഘടനയുടെ പ്രവര്‍ത്തകരാണ് കോട്ടയത്തും റാഗിങ് നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.




പ്രതി എറണാകുളത്തേക്ക് കടന്നു?
അതേസമയം, ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി സംശയിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസിന് ഈ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസ് എറണാകുളം ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അങ്കമാലിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.
മോഷ്ടാവ് ഹിന്ദിയാണ് സംസാരിച്ചതെങ്കിലും, അത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാള്‍ തന്നെയാകണമെന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. റെയില്‍വേ സ്റ്റേഷനടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.