Actor Mammootty: മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍ ഏറ്റുന്നത് മതത്തിന്റെ പേരിലല്ല: കെ സുധാകരന്‍

അത്തരത്തില്‍ സിപിഎം മുസ്ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്

Actor Mammootty: മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍  ഏറ്റുന്നത് മതത്തിന്റെ പേരിലല്ല: കെ സുധാകരന്‍

K Sudhakaran

Published: 

15 May 2024 18:25 PM

കോഴിക്കോട്: നടന്‍ മമ്മൂട്ടിയെയും ഷാഫി പറമ്പിലിനെയും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിലല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇരുവരും വേട്ടയാടപ്പെടുന്നത് ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സിപിഎം നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. മുസ്ലിം സമുദായത്തില്‍ പെട്ട ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പാടില്ല എന്ന രീതിയില്‍ തന്നെയാണ് സിപിഎം പരോക്ഷമായി വര്‍ഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ സിപിഎം നടത്തിയ വര്‍ഗ്ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്.

അത്തരത്തില്‍ സിപിഎം മുസ്ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍ ഏറ്റുന്നത് മതത്തിന്റെ പേരില്‍ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കിയാല്‍ കൊള്ളാം. ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വര്‍ഗീയ വിഷം വമിപ്പിച്ചാലും വടകരയില്‍ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ഷാഫി പറമ്പില്‍ വിജയിച്ചിരിക്കും. അതുപോലെതന്നെ മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികള്‍ നെഞ്ചിലേറ്റുകയും ചെയ്യും.

പുഴു സിനിമയുമായി ബന്ധപ്പെട്ടാണ് നടന്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സംഘപരിവാര്‍ അനുകൂലികളാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണ് അതില്‍ മതപരമായ പ്രൊപ്പഗാണ്ടയുണ്ട്. അതിന് പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് നടനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഇതോടെ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ രാജനും എഎം ആരിഫ് എംപിയും രംഗത്തെത്തി.

‘മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ് യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോകില്ല. ഇത് കേരളമാണ്,” കെ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളികളുടെ അഭിമാനം,’ എന്നാണ് വി ശിവന്‍കുട്ടി പോസ്റ്റിട്ടത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്ന് എഎം ആരിഫ് എംപിയും പറഞ്ഞു. 2022ലാണ് പുഴു റിലീസായത്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ മമ്മൂട്ടിക്കെതിരെ വ്യാപക അധിക്ഷേപമാണ് നടക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോ തിയേറ്ററുകളിലേക്കെത്താറായി. ഇതിനോടകം തന്നെ ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലറിനോടുള്ള ആരാധകരുടെ പ്രതികരണം വിലയിരുത്തുമ്പോള്‍ ചിത്രം തിയറ്ററുകളില്‍ വന്‍ ആവേശമാകുമെന്ന് ഉറപ്പിക്കാം.

പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോയിലേത് ഉള്ളതെന്നാണ് പ്രാഥമിക വിവരം. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Related Stories
Kerala Lottery Results: കാറില്ലെങ്കിലും 70 ലക്ഷം അടിച്ചില്ലേ! അക്ഷയ ലഭിച്ച ഭാഗ്യവാനെ അറിയേണ്ടേ
MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി
Neyyattinkara Samadhi Case : ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്? സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌
Fire : മദ്യലഹരിയില്‍ ആഴിയിലേക്ക് ചാടി, യുവാവിന് ഗുരുതര പൊള്ളല്‍; പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ നടന്നത്‌
Lionel Messi: ലയണൽ മെസി വരുമോ ഇല്ലയോ?; വരുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി
Kannur Woman Missing: കണ്ണൂരിൽ യുവതിയെ കാണാതായിട്ട് പത്ത് ദിവസം; തിരച്ചിൽ തുടരുന്നു, തണ്ടർബോൾട്ട് രംഗത്ത്
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ