K Sudhakaran: മാധ്യമപ്രവര്‍ത്തകരുടെമേല്‍ മുഖ്യമന്ത്രി കുതിര കയറുന്നത് മാസപ്പടി കേസില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍; വിമര്‍ശിച്ച് കെ. സുധാകരന്‍
K. Sudhakaran slams Pinarayi Vijayan: 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ രംഗത്തെത്തിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് നരേന്ദ്ര മോദിയും പ്രസംഗിച്ചു. അതിനുശേഷം കേസുകള്‍ അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കി ബിജെപി പിണറായിയെ വിജയിപ്പിച്ചെന്നും സുധാകരന്‍

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ കുടുങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേസില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡിയും വിശദീകരണം തേടിയിട്ടുണ്ട്. മകളുടെ ഭാഗം കേട്ടില്ലെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഇതുവരെ പ്രതിരോധം ഉയര്‍ത്തിയത്. വീണാ വിജയന്റെ കമ്പനി 2.7 കോടി രൂപ കൈപ്പറ്റിയെന്ന് വിശദമായ അന്വേഷണത്തില്‍ എസ്.എഫ്.ഐ.ഒ കണ്ടെത്തി. തങ്ങൾക്ക് ലഭിച്ച കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരന്‍ ആരോപിച്ചു.
എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ പിണറായിയെ പേടിച്ച് പാര്‍ട്ടി സഖാക്കൾ ഒരക്ഷരം മിണ്ടുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പരിഹസിച്ചു.




Read Also : Sooranad Rajashekaran: മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ രംഗത്തെത്തിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് നരേന്ദ്ര മോദിയും പ്രസംഗിച്ചു. അതിനുശേഷം കേസുകള്‍ അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കി ബിജെപി പിണറായിയെ വിജയിപ്പിച്ചു. വർഗീയതയിലും, അഴിമതിയിലും കൂട്ടുകച്ചവടം നടത്തി ചരിത്രം ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
മാസപ്പടി കേസില്‍ വീണാ വിജയനെ വേട്ടയാടുന്നത് തന്റെ മകളായതിനാലാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേസ് കോടതിയില്‍ നടക്കട്ടെയെന്നും, അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സേവനത്തിനുള്ള പണമാണ് ലഭിച്ചതെന്നും, അത് കള്ളപ്പണമല്ലെന്നും, നികുതിയും കണക്കുകളും നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ രക്തമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.