5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan : കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാൻ വന്ന ആർഎസ്എസ് ഏജൻ്റാണ് പിണറായി വിജയൻ: കെ സുധാകരൻ

K Sudhakaran Criticizes Pinarayi Vijayan : എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിനെ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് ഏജൻ്റാണെന്ന് കെ സുധാകരൻ പറഞ്ഞു. അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

Pinarayi Vijayan : കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാൻ വന്ന ആർഎസ്എസ് ഏജൻ്റാണ് പിണറായി വിജയൻ: കെ സുധാകരൻ
കെ സുധാകരൻ (Image Courtesy - K Sudhakaran Facebook)
abdul-basith
Abdul Basith | Published: 19 Dec 2024 08:20 AM

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മതേതര കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാൻ വന്ന ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ എന്നാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ആർഎസ്എസിനെ പ്രീണിപ്പിച്ച് അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്. അന്തസ്സും അഭിമാനവും ഉള്ള ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകർ സിപിഎമ്മിൽ ഉണ്ടെങ്കിൽ ആർഎസ്എസ് പ്രീണനത്തിന്റെ കൂടാരം വിട്ടു പുറത്തു വരാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ പിണറായി വിജയൻ നടത്തുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അതിനെതിരെ സിപിഎമ്മിൽ നിന്നും ശബ്ദം ഉയരണം. സിപിഎമ്മിൽ അന്തസ്സും അഭിമാനവുമുള്ള ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകരുണ്ടെങ്കിൽ ആർഎസ്എസ് പ്രീണനത്തിന്റെ കൂടാരം വിട്ടു പുറത്തു വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഒരുകാലത്ത് നിലപാടുകളുടെ പേരിൽ ജനസമ്മതിയുണ്ടായിരുന്ന സിപിഐയുടെ ഇന്നത്തെ അവസ്ഥയും കേരളം നോക്കിക്കാണുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാതെ സിപിഐക്ക് ഇനി ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ല എന്നും അദ്ദേഹം കുറിച്ചു.

Also Read : Athirappilly Couple Attack: വനവിഭവം ശേഖരിക്കവെ തർക്കം, അതിരപ്പള്ളിയിൽ ദമ്പതികളിലൊരാൾ മരിച്ചു

കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാൻ വന്ന ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.
തൃശ്ശൂർ പൂരം കലക്കുകയും ബിജെപിക്ക് ഒരു സീറ്റ് കിട്ടാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തതിൽ കേരള പോലീസിന്റെയും അജിത് കുമാറിന്റെയും നാണംകെട്ട പങ്ക് പൊതുസമൂഹത്തിന് വ്യക്തമായതാണ്. എന്നിട്ടും അതേ ഉദ്യോഗസ്ഥനെ കേരള പോലീസിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം ആർഎസ്എസ്സിനെ പ്രീണിപ്പിച്ച് സ്വന്തം തലയിലും മകളുടെ തലയിലുമുള്ള അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകും.
കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ വിജയൻ നടത്തുമ്പോൾ അതിനെതിരെ സിപിഎമ്മിൽ നിന്നു പോലും ശബ്ദം ഉയരേണ്ടതുണ്ട്. അന്തസ്സും അഭിമാനവും ഉള്ള ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകർ സിപിഎമ്മിൽ ഉണ്ടെങ്കിൽ ആർഎസ്എസ് പ്രീണനത്തിന്റെ കൂടാരം വിട്ടു പുറത്തു വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുകയാണ്. അതുപോലെ തന്നെ ഒരുകാലത്ത് നിലപാടുകളുടെ പേരിൽ ജനസമ്മതിയുണ്ടായിരുന്ന സിപിഐയുടെ അവസ്ഥയും കേരളം നോക്കിക്കാണുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാതെ സിപിഐക്ക് ഇനി ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ലെന്നുറപ്പാണ്.
കേരളത്തെ നാണം കെടുത്തുന്ന പിണറായി വിജയന്റെ സംഘപരിവാർ പ്രീണന നിലപാടുകളെ ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും.
ഈ നാടിനെ വർഗ്ഗീയവാദികൾക്ക് കാഴ്ചവെക്കാൻ ശ്രമിച്ച നാണംകെട്ട രാഷ്ട്രീയക്കാരനായി തന്നെ പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തും

എഡിജിപി എംആർ അജിത്ത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതാണ് വിവാദമായത്. തൃശൂർ പൂരം കലക്കി മണ്ഡലത്തിൽ ബിജെപിയ്ക്ക് ആദ്യമായി ഒരു സീറ്റിനുള്ള അവസരമൊരുക്കിയതുൾപ്പെടെ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ശക്തമാണ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ആരോപണങ്ങളും അന്വേഷണങ്ങളും നടക്കവെയാണ് സർക്കാരിൻ്റെ തീരുമാനം. ഐ.പി.എസ്. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. നിലവിലെ പോലീസ് മേധാവി ഷെയ്‌ഖ്‌ ദർവേശ് സാഹേബ് വിരമിക്കുന്നതോടെ എംആർ അജിത് കുമാർ ആ സ്ഥാനത്തെത്തും. 2025 ജൂലായ് ഒന്നിനാണ് ഷെയ്ഖ് ദർവേശ് സാഹിബ് വിരമിക്കുക.