K Sudhakaran: ‘നിങ്ങൾ കൊന്നിട്ട് വരൂ, പാർട്ടി കൂടെയുണ്ട് എന്നാണ് സിപിഎം പറയുന്നത്’; വിമർശനവുമായി കെ സുധാകരൻ
K Sudhakaran Against CPIM: സിപിഎമ്മിനെ വിമർശിച്ച് കെ സുധാകരൻ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണം സിപിഎം ആണെന്ന് സുധാകരൻ പറയുന്നു. കൊലക്കേസ് പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്നും സിപിഎം ഭീകരസംഘടനകളെപ്പോലെയാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. നിങ്ങൾ കൊന്നിട്ട് വരൂ, പാർട്ടി കൂടെയുണ്ട് എന്നാണ് സിപിഎം പറയുന്നത് എന്ന് സുധാകരൻ പറഞ്ഞു. കണ്ണൂർ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്ന കണ്ടെത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ഒരറ്റത്ത് സിപിഎം ആണ് എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണ് ഇത്. സിപിഎം കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ദിവസം സംസ്ഥാനത്തെ രാഷ്ട്രീയക്കൊലപാതക്കങ്ങൾ അവസാനിക്കും. കൊലയാളികൾക്ക് പൂർണ സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിയാണ് കൊലയ്ക്കായി അവരെ നിയോഗിക്കുന്നത്. ഈ അടുത്ത കാലത്തുവരെ യഥാർത്ഥ പ്രതികൾക്ക് പകരം അവർ ഉപയോഗിച്ചിരുന്നത് ഡമ്മി പ്രതികളെയാണ്. പ്രതികളുടെ കോടതി വ്യവഹാരങ്ങളും കുടുംബത്തിൻ്റെ സംരക്ഷണവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും പാർട്ടി ചെയ്യും. സാമ്പത്തിക സഹായവും ജോലിയും ഇവർക്ക് നൽകും. ഇവരുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും പാർട്ടി ഒപ്പമുണ്ട്. മദ്യം, മയക്കുമരുന്ന്, സ്വർണക്കടത്ത് തുടങ്ങി രാജ്യദ്രോഹക്കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള കവചവും പാർട്ടിയാണ്. ചാവേറുകളെ പോറ്റിവളർത്തുന്ന ഭീകരസംഘടനകളെപ്പോലെയാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കിയിട്ടുണ്ട്. നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതി അഭിഭാഷകരെയാണ് ഈ കേസുകളിൽ നിയമപോരാട്ടത്തിനായി നിയോഗിച്ചത്. സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധു മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഈ പാര്‍ട്ടിയുടെയും പാർട്ടി നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ് എന്നും സുധാകരൻ ആരോപിച്ചു.
ആ പോസ്റ്റെവിടെ?
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പാർട്ടി ഉപാധ്യക്ഷൻ കൂടിയായ ശോഭയെ ഹാരിസ് ക്ഷണിച്ചത്. ഈ പോസ്റ്റ് ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്.