K Rail: വീണ്ടും കെ റെയിൽ, പുതിയ റിപ്പോർട്ട് സമർപ്പിക്കുമോ കേരളം
What Is Silver Line K-Rail Project: വാഹനപ്പെരുപ്പവും ഗതാഗത കുരുക്കും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കേരളത്തിന് ആശ്വാസമേകുന്ന രീതിയിലാണ് കെ റെയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന സെമി ഹെെ സ്പീഡ് റെയിൽ പാതയാണ് സിൽവർ ലെെൻ. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (കെറെയിലിനാണ് ) നടത്തിപ്പ് ചുമതല. വാഹനപ്പെരുപ്പവും ഗതാഗത കുരുക്കും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കേരളത്തിന് ആശ്വാസമേകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 11 ജില്ലകളിലായി, 11 സ്റ്റോപുകളും. 64, 950 . 67 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേക്ക് വെറും നാല് മണിക്കൂറിൽ യാത്ര സാധ്യമാകുക, ദീർഘദൂര യാത്രക്കാർക്കും ജോലിക്കാർക്കും ഗുണകരമാകുമെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർലെെൻ. കേന്ദ്രാനുമതി തേടി സിൽവർലെെൻ ഡിപിആർ സമർപ്പിച്ചിട്ട് വർഷം നാല് കഴിഞ്ഞു. 2020 ജൂൺ 17-നാണ് ഡിപിആർ (Detailed Project Report) കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾക്കിടയിൽ സർക്കാർ പദ്ധതിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞു. കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് പുതിയ റിപ്പോർട്ട് സമർപ്പിച്ചാൽ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകും.
സിൽവർ ലെെൻ അർദ്ധ അതിവേഗപാത
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരുന്നു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമായ കെറെയിലാണ് പദ്ധതി നടപ്പാക്കുന്നത്. 11 ജില്ലകളിലൂടെ 529. 45 കിലോമീറ്റർ ദൂരത്തിലാണ് സിൽവർ ലെെൻ പാത കടന്നു പോകുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം,എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ പതിനൊന്ന് സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. 3 മണിക്കൂർ 54 മിനിറ്റിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് എത്തുമെന്നാണ് കെറെയിൽ അധികൃതർ വ്യക്തമാക്കുന്നത്. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ഹെെ സ്പീഡ് റെയിൽ കുതിക്കും. ഒരു കിലോ മീറ്ററിന് 2.75 രൂപ കണക്കാക്കിയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. ഗേജ് 1435 എംഎം സ്റ്റാൻഡേഡ് ഗേജാണ് സിൽവർ ലെെനായി ഉപയോദഗിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും.
കേരളത്തിന് എന്തിനാണ് അതിവേഗ റെയിൽ പാത?
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ റെയിൽ, റോഡ് ഗതാഗതം വളരെ മോശമാണ്. 560 കിലോമീറ്റർ ദൂരമുള്ള കാസർഗോഡ്-തിരുവനന്തപുരം യാത്രക്ക് നിലവിൽ കരമാർഗം സഞ്ചരിക്കാൻ 12-14 മണിക്കൂർ വേണം. കേരളത്തിലെ ട്രെയിനിന്റെ ശരാശരി വേഗത 45 കിലോമീറ്റർ ആണ്. സ്റ്റോപ്പുകളും വളവുകളും ഇവിടെ കൂടുതലാണ്. ഡബിൾ ലൈൻ ഇല്ലാത്തിടത്ത് മറ്റു ട്രെയിനുകൾക്ക് വേണ്ടി കാത്തുകിടക്കേണ്ടിയും വരും. നിലവിൽ എറണാകുളം – തിരുവനന്തപുരം ട്രെയിൻ യാത്രക്ക് 6 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. സിൽവർലൈൻ യാഥാർഥ്യമായാൽ ആ ദൂരം ഒന്നര മണിക്കൂറിൽ താണ്ടാം. കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ 3 മണിക്കൂർ 54 മിനിറ്റ് മതിയാകും. കേരളത്തിലെ കൂടി വരുന്ന യാത്രാ ആവശ്യങ്ങൾക്ക് മികച്ച പരിഹാരമാണ് സിൽവർലൈൻ.
സിൽവർ ലെെൻ പദ്ധതിയും അതേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും ചർച്ചചെയ്യുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങൾ അന്തരീക്ഷത്തിലുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള പദ്ധതിയായ സിൽവർ ലെെനെതിരെ വീണ്ടും ജനരോക്ഷം ശക്തമാകുന്നുണ്ട്.
ഡിപിആർ
കെ റെയിലിന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ നിലവിലുള്ള ജനസംഖ്യ റെയിൽവേ സംവിധാനവുമായി യോജിച്ച് പോകുന്നില്ലെന്നാണ് ഡിപിആറിൽ വ്യക്തമാക്കുന്നത്. 1222.45 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടി വരുക. സ്വകാര്യ വ്യക്തികളിൽ നിന്ന് 1074.19 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. സർക്കാർ – റെയിൽവേ ഉടമസ്ഥതയിലുള്ള 152. 26 ഹെക്ടർ ഭൂമിയും പദ്ധതിക്കായി ആവശ്യം വരും. സിൽവർ ലെെനിന്റെ പാതയുടെ 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റർ തണ്ണീർത്തടങ്ങളിലൂടെയാകും കടന്നുപോവുക. നഗരപ്രദേശങ്ങളിലൂടെ 90 കിലോമീറ്റർ പാതയും കടന്നുപോകുന്നു. കെറെയിൽ പദ്ധതിയുടെ 11.5 കിലോമീറ്ററുകൾ തുരങ്കങ്ങളാകും. പദ്ധതിയിൽ 13 കിലോമീറ്ററോളം പാലങ്ങളുമുണ്ടാകും. കുന്നുകളും മലകളും നികത്തിയും സിൽവർ ലെെൻ പാത നിർമ്മിക്കുന്നത്. 2025ൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ സമർപ്പിച്ച ഡിപിആറിൽ പറയുന്നത്. ഡിപിആറിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകാത്തത്. റെയിൽവേയുടെ നിർദ്ദേശാനുസരണം പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയാലാണ് പദ്ധതിക്ക് അനുമതി ലഭിക്കുക. എന്നാൽ ഡിആറിൽ ആത്മവിശ്വാസമുണ്ടെന്നാണ് കെറെയിൽ വാദം.
ഡിപിആറിനൊപ്പം സമർപ്പിച്ച രേഖകളിൽ, റെയിൽവേ ഭൂമി ശരാശരി ഏഴരമീറ്റർ വീതം വിവിധ ഇടങ്ങളിൽ എടുക്കുമെന്നാണ് കെറെയിൽ പറയുന്നത്. എന്നാൽ ഈ സ്ഥലങ്ങൾ റെയിൽവേ ഏതെങ്കിലും പദ്ധതികൾക്കായി കണ്ടെത്തിയിരിക്കുന്നതാണോ എന്നുൾപ്പെടെയുള്ള വിവരങ്ങൾ ഡിപിആറിൽ സമർപ്പിച്ചിട്ടില്ല.
പാതയുടെ ഘടന
വയഡക്ട് 88.41 കി.മി
തുരങ്കം 11.52 കി.മി
കട്ടിംഗ് 101.73 കി.മി
മൺതിട്ട (എംബാക്ക്മെന്റ് ) 292.72 കി.മി
കട്ട് കവർ 24.78 കി.മി
പാലങ്ങൾ 12.99 കി.മി
ട്രെയിനിന്റെ മാതൃക
ഇഎംയു ട്രെയിൻ സെറ്റ്
9 കാറുകൾ ആവശ്യാർത്ഥം 12 മുതൽ 15 വരെ ഉയർത്താം
2+2 ബിസിനസ്, 3+2 സ്റ്റാന്റേഡ് 9 കാറുകളിലായി 675 യാത്രക്കാർ
ETCS ലെവൽ 2 LTE സിഗ്നൽ ടെലി കമ്മ്യൂണിക്ഷേൻ സംവിധാനമാണ് കെ റെയിലിനുള്ളത്.
കെ റെയിൽ യാഥാർത്ഥ്യമായാൽ
റോഡിലെ ഗതാഗതം ഗണ്യമായി കുറയ്ക്കും.
13,000-തോളം വാഹനങ്ങൾ ആദ്യ വർഷം റോഡിൽ നിന്ന് വിമുക്തമാക്കാൻ കഴിയും
പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46, 206 പേർ സിൽവർ ലെെനിലേക്ക് മാറും
530 കോടിയുടെ പെട്രോളും ദിവസവും പ്രതിവർഷവും ലാഭിക്കാൻ കഴിയും.
ഐടി കോറിഡോർ കണക്ടിവിറ്റി
തിരുവനന്തപുരം – ടെക്നോപാർക്ക്
കൊച്ചി – ഇൻഫോപാർക്ക്
കോഴിക്കോട് – സെെബർ പാർക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കെ റെയിൽ നഷ്ടപരിഹാരപാക്കേജ്
വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂഉടമകൾക്ക് നഷ്ടപരിഹാരത്തുകയ്‍ക്ക് പുറമേ 4,60,000 രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നൽകും. അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും 5 സെന്റും ലെെഫ് മാതൃകയിൽ വീടും. അല്ലെങ്കിൽ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും. ഭൂരഹിതരാകുന്നവർക്ക് നഷ്ടപരിഹാരവും 10 ലക്ഷം രൂപയും സർക്കാർ നൽകും.
വാണിജ്യസ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരവും 50,000 രൂപയും. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 2 ലക്ഷം രൂപ. വാടക താമസക്കാർക്ക് 30000 രൂപ. സ്വയം തൊഴിൽ- കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 500000 രൂപ. പദ്ധതി ബാധിത പ്രശ്നങ്ങളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കെ റെയിൽ നിയമനങ്ങളിൽ അർഹമായ പരിഗണന ലഭിക്കുമെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. വാണിജ്യ സ്ഥാപനങ്ങൾ ഒഴിഞ്ഞു പോകേണ്ടി വരുന്നവർക്ക് കെ റെയിലിന്റെ വാണിജ്യ സമുച്ചയങ്ങളിൽ മുൻഗണന നൽകും. ഇങ്ങനെ വിവിധ തലങ്ങളിൽ ഭൂരഹിതരാകുന്നവർക്ക് അതിദരിദ്രർക്ക്, വാണിജ്യ സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക്, തൊഴിൽ നഷ്ടപ്പെടുന്നവർക്ക്, വീട് നഷ്ടപ്പെട്ട് പോകേണ്ടി വരുന്നവർക്ക്, വാടകക്കാർ, എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവർക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
നിലവിൽ സമർപ്പിച്ചിരിക്കുന്ന കെ റെയിലുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, സാങ്കേതിക- പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ഡിപിആർ സമർപ്പിച്ചാൽ കെ റെയിൽ റെയിൽവേ മന്ത്രാലയം വീണ്ടും പരിഗണിക്കുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് വ്യക്തമാക്കിയത്. ഇതോടെ കെ റെയിൽ വിരുദ്ധ സമരങ്ങളും സംസ്ഥാനത്ത് വീണ്ടും സജീവമാകുകയാണ്. ഡിപിആറിൽ വ്യത്യാസങ്ങൾ വരുത്തിയാലും കേരളത്തിന് അനുയോജ്യമല്ലാത്ത പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാട് കെ റെയിൽ വിരുദ്ധ സമിതി സ്വീകരിച്ചിരിക്കുന്നത്.