KK Shailaja: ‘പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു, ഭാവിയിൽ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരും’; കെ.കെ ശൈലജ
K K Shailaja on Kerala Having a Female CM in Future: വനിതകൾക്ക് എന്നും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും വനിതകൾ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ലായെന്നും കെ കെ ശൈലജ പറഞ്ഞു.

ഭാവിയിൽ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. സ്ത്രീ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. ലോകത്ത് 50 ശതമാനം സ്ത്രീകളുണ്ട്. പാർട്ടിയിലും വനിതാ പ്രാതിനിധ്യം വർധിച്ചു വരികയാണ്. വനിതകൾ ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെയുള്ള ചുമതലകൾ വഹിക്കുന്നുവെന്നും അവർ പറയുന്നു. ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു ശൈലജ.
വനിതകൾക്ക് എന്നും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും വനിതകൾ മുഖ്യമന്ത്രി ആകുന്നതിന് സിപിഐഎം എതിരല്ല എന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. കേരളത്തിൽ കുറെ കൂടി സ്ത്രീ പ്രാതിനിധ്യം വർധിക്കണം. സ്ത്രീകൾ സമ്പാദിക്കാൻ തുടങ്ങണം. അതുവഴി സാമ്പത്തിക ശാക്തീകരണം സാധിക്കും എന്നും അവർ പറഞ്ഞു.
കാര്യഗൗരവമുള്ള, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ധാരാളം പെൺകുട്ടികൾ വളർന്നു വരുന്നുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും സ്ത്രീകൾക്ക് മുഖ്യമന്ത്രിയാകാനുള്ള ഒരു അവസരം കൈവരാം. അത് ഒരു സാധ്യതയായി അല്ലെങ്കിൽ ആവശ്യകതയായി ഭാവിയിൽ ഉയർന്നു വരാം എന്നും കെ കെ ശൈലജ പറഞ്ഞു.
അതേസമയം, വനിതകൾക്ക് പാർട്ടിയിൽ കൂടുതൽ അവസരം നൽകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും പറഞ്ഞു. ഭാവിയിൽ ജില്ലാ സെക്രട്ടറി ചുമതലയും വനിതകൾ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതകൾക്ക് പാർട്ടിയിൽ പരിഗണന ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി.