എം സ്വരാജിന് തിരിച്ചടി; കെ ബാബുവിന് എംഎല്‍എ ആയി തുടരാം, ഹരജി ഹൈക്കോടതി തള്ളി
കെ ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചിരുന്നു. പ്രചാരണത്തിലും അയ്യപ്പനേയും മതത്തേയും വിശ്വാസത്തേയും ദുരുപയോഗം ചെയ്തുവെന്നും സ്വരാജ് ആരോപിച്ചിരുന്നു
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എം സ്വരാജ് കെ ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതുകൊണ്ട് തന്നെ ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യപിക്കണമെന്നായിരുന്നു എം സ്വരാജ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. ഈ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ കെ ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി ജി അജിത്കുമാറിന്റേതാണ് വിധി.
കെ ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചിരുന്നു. പ്രചാരണത്തിലും അയ്യപ്പനേയും മതത്തേയും വിശ്വാസത്തേയും ദുരുപയോഗം ചെയ്തുവെന്നും സ്വരാജ് ആരോപിച്ചിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷികള്‍ പറഞ്ഞതൊന്നും സംശയത്തിന് അതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതല്‍ അഞ്ചുവരെയുള്ള സാക്ഷികള്‍ പറഞ്ഞതെല്ലാം വിശ്വാസയോഗ്യമല്ലെന്നാണ് നിരീക്ഷണം. സിപിഎം അനുഭാവികളാണ് സാക്ഷികളെന്ന ബാബുവിന്റെ വാദവും കോടതി ശരിവെച്ചു.
സ്വരാജ് നല്‍കിയ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയില്‍ നടപടികള്‍ തുടരാമെന്നുമായിരുന്നു സുപ്രീംകോടതി അന്ന് പറഞ്ഞിരുന്നത്.
992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.