Ganja Raid: ആ തൈകൾ പരിശോധിച്ച പോലീസും ഞെട്ടി, അടിയിലുള്ളത് മണ്ണല്ല
Palakkad Junction Railway Station Ganja Raid: ചാക്കിൽ കെട്ടിയിരുന്ന നാരകം, മാതളനാരങ്ങ, പേരയ്ക്ക, മൈലാഞ്ചി തുടങ്ങിയ വൃക്ഷത്തൈച്ചെടികളുടെ ചുവടും ഇത്തരത്തിൽ പരിശോധിച്ചു. എല്ലാത്തിലും മണ്ണിന് പകരമുണ്ടായിരുന്നത് ഒരേ സാധനം
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സാധാരണ പരിശോധനയിലായിരുന്നു ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസും ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെൻറുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത രീതിയിൽ രണ്ട് ചാക്കുകൾ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ അത് തുറന്ന് ഞെട്ടി. ഒറ്റ നോട്ടത്തിൽ ഫലവൃക്ഷത്തൈകൾ എന്നാൽ ഉള്ളിൽ പരിശോധിച്ചപ്പോഴാണ് കാര്യം പിടി കിട്ടുന്നത്.
തൈകളുടെ ചുവട് ഇളക്കി പരിശോധിച്ചപ്പോഴാണ് മണ്ണിനു പകരം കഞ്ചാവ് നിറച്ച് വച്ചതായി കണ്ടെത്തിത്. ചാക്കിൽ കെട്ടിയിരുന്ന നാരകം, മാതളനാരങ്ങ, പേരയ്ക്ക, മൈലാഞ്ചി തുടങ്ങിയ വൃക്ഷത്തൈച്ചെടികളുടെ ചുവടും ഇത്തരത്തിൽ പരിശോധിച്ചു. എല്ലാത്തിലും മണ്ണിന് പകരം കഞ്ചാവ്. ഇത്തരത്തിൽ 19.5 കിലോ കഞ്ചാവാണ് എക്സൈസ് സംഘം കണ്ടു കെട്ടിയത്.
ഒൻപതര ലക്ഷത്തോളം രൂപ വിലയുണ്ട് പിടിച്ചെടുത്ത കഞ്ചാവിന് . പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കഞ്ചാവിൻ്റെ ഉറവിടം തേടി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.