Wayanad Landslide: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ
Joe Biden on Wayanad Landslide: വയനാട്ടിലെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും, ഞങ്ങളുടെ ചിന്ത അവരുടെ ഒപ്പം എന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വ്യാഴാഴ്ചയാണ് അനുശോചനം അറിയിച്ചുകൊണ്ടുള്ള ബൈഡന്റെ പ്രസ്താവന പുറത്തു വന്നത്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇരയായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബൈഡൻ അറിയിച്ചു. വയനാട്ടിൽ സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപെടുന്നവരുടെ ധീരതയെ അദ്ദേഹം പ്രശംസിച്ചു.
“ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച എല്ലാവരോടും ഞാനും ജില്ലും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു. ഈ ദാരുണമായ സംഭവത്തിന്റെ ഇരകൾക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ, പ്രിയപെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെയും ആദ്യമായി രക്ഷാപ്രവർത്തനം നടത്തിയവരുടെയും ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളെ ഞങ്ങളുടെ ചിന്തയിൽ നിർത്തുന്നത് തുടരും” എന്നാണ് ജോ ബൈഡൻ വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ആയിരുന്നു കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ഉണ്ടായത്. 300 പേരിലധികം പേരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്. ഇനിയും ആളുകളെ കണ്ടെത്താൻ ഉണ്ട്. രക്ഷാദൗത്യം തുടർന്ന് വരുന്നു.