ശ്രുതി വീണ്ടും തനിച്ച്; കല്‍പ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ
കൽപ്പറ്റ: പ്രാർത്ഥനകൾ വിഫലമാക്കി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വിട വാങ്ങി. കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ജെൻസൻ മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ
കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു, ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിൽ ജെൻസൻ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ ഇതുവരെ നിലനിർത്തിയത്.ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും അനുജത്തിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ടിരുന്നു. അനുജത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം ശ്രുതിയുടെ ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസൻ മാത്രമായിരുന്നു. അമ്പലവയൽ സ്വദേശി ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം ഉറപ്പിച്ചത്.
ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതാണ്. ആദ്യം ഡിസംബറിലാണ് വിവാഹം നടത്താൻ തീരുമാനിച്ചത് എന്നാൽ ഇത് പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. ശ്രുതിയുടെ വിവാഹാവശ്യത്തിനായി മാതാപിതാക്കൾ നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. എന്നാൽ ഉരുൾപൊട്ടലിൽ ശ്രുതിക്ക് ഇതും നഷ്ടമായി. വീടും വീട്ടുക്കാരും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ എത്തിയ ശ്രുതിക്ക് ജെൻസൻ കൂട്ടുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ വിവാഹം നടത്തുമെന്ന് ജെൻസൻ അന്ന് പറഞ്ഞിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ ശ്രുതിയെ ചെറിയൊരു ചടങ്ങോട് കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും ജെന്‍സണ്‍ പറഞ്ഞിരുന്നു.