Kozhikode Jaundice: കോഴിക്കോട് മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം കൂടുന്നു; പ്രതിരോധ പ്രവർത്തനം തുടരുന്നു
Kozhikode Jaundice Outbreak: രോഗവ്യാപനത്തെ തുടർന്ന് കൊമ്മേരിയിൽ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് നിലവിൽ പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്ത (Jaundice Outbreak) രോഗം പടരുന്നു. കൊമ്മേരി മേഖലയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ, പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേർ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ള ആളുകൾ ചികിത്സയിൽ തുടരുകയാണ്.
രോഗവ്യാപനത്തെ തുടർന്ന് കൊമ്മേരിയിൽ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് നിലവിൽ പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മലിനമായ ജലത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിൻറെ പ്രധാന കാരണമായി പറയുന്നത്.
ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിലൂടെ കാരണമാകും. അതേസമയം, കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നതിൽ ജനകീയ സമിതിയെ പഴിചാരി കോർപറേഷൻ രംഗത്തെത്തിയിരുന്നു. എന്നാൽ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോർപറേഷൻറെ വാദം. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നൽകിയിട്ടും ഇതിൽ വീഴ്ച വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രദേശത്തെ നാല് കിണറുകളിൽ നിന്നുള്ള വെള്ളം ടാങ്കിലേക്ക് എത്തിച്ച ശേഷം അത് 265 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ നടത്തിപ്പ് വാർഡ് കൗൺസിലർ ഉൾപ്പെടെയുളള ജനകീയ സമിതിക്കാണ് നൽകിയിരുന്നത്. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വർഷങ്ങളായന്നാണ് റിപ്പോർട്ട്.
എന്താണ് മഞ്ഞപ്പിത്തം?
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണയായി ഇതിന് കണ്ടുവരുന്ന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻ്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്നതാണ്. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടേണ്ടത് അനിവാര്യമാണ്.
പ്രതിരോധ മാർഗങ്ങൾ
- തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
- കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക.
- കുടിവെള്ള സ്രോതസുകളായ കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.