Kerala Jaundice Outbreak: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത, ലക്ഷണങ്ങളും ചികിത്സയും എന്തെല്ലാം?
How To Prevent Jaundice Outbreak: സംസ്ഥാനത്ത് മാർച്ചിലാണ് ഏറ്റവും കൂടുതൽപേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് സംസ്ഥാനത്ത് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കിനേക്കാൾ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്.

പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ മഞ്ഞപ്പിത്തവും പടരുന്നു. സംസ്ഥാനത്ത് 2,872 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടിയിരിക്കുന്നത്. ഈവർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ നാലു വരെയുള്ള കണക്കാണിത്. ഇതിനൽ 14 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് സംസ്ഥാനത്ത് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കിനേക്കാൾ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. കാരണം പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വളരെ കുറവാണ്.
സംസ്ഥാനത്ത് മാർച്ചിലാണ് ഏറ്റവും കൂടുതൽപേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഇവരുടെ എണ്ണം 1,026 ആണ്. അതിൽ ഏഴുപേർ മരിച്ചു. മരണവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാർച്ചിലാണ്. പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നതെന്നതും മരണം കൂടാനുള്ള കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നു. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം പിടിപെട്ടാൽ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലസ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത ജലത്തിൻ്റെ ഉപയോഗവുമാണ് രോഗം ബാധിക്കാൻ കാരണം. മലിനമായ ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണവും പാനീയങ്ങളും, കൂടാതെ രോഗം ബാധിച്ചവരുമായി അടുത്തസമ്പർക്കം പുലർത്തുന്നതിലൂടെയും മഞ്ഞപ്പിത്തം പകരുന്നുണ്ട്. അതിനാൽ കഴിവതും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുകയും വേണം.
മഞ്ഞപ്പിത്ത ലക്ഷണങ്ങൾ
ചർമത്തിലും കണ്ണിലും മഞ്ഞ നിറം കാണുന്നതും മഞ്ഞപ്പിത്ത ലക്ഷണമാണ്. സാധാരണയായി മഞ്ഞപ്പിത്തം കൂടുതലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
അസാധാരണമായി വയറിനു വേദനയാനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഈ വേദന വാരിയെല്ലിനു കീഴെയായി വയറിൻ്റെ വലതു വശത്താണ് അനുഭവപ്പെടുക. ഈ വേദന പുറകിൽ കരളിൻ്റെ ഭാഗത്തേക്കായി വ്യാപിക്കുന്നതായും അനുഭവപ്പെടും.
സന്ധിവേദന പലവിധ കാരണങ്ങൾ കൊണ്ട് അനുഭവപ്പെടാം. മഞ്ഞപ്പിത്തവും ഇതിലൊരു കാരണം തന്നെയാണ്. മറ്റു മഞ്ഞപ്പിത്ത ലക്ഷണങ്ങൾക്കൊപ്പം സന്ധിവേദന കൂടിയുണ്ടെങ്കിൽ ശ്രദ്ധിക്കുക.
മഞ്ഞപിത്തം അധികമാകുമ്പോൾ ഛർദ്ദിക്കുന്നതും സാധാരണമാണ്. വളരെ ഗുരുതരമായ അവസ്ഥയാണെങ്കിൽ രക്തം വരെ ഛർദ്ദിച്ചേക്കാം. പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം എങ്ങനെ തടയാം?
നല്ലതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസർജ്ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.
ഭക്ഷണ സാധനങ്ങൾ ഈച്ച കയറാത്ത വിധം അടച്ച് സൂക്ഷിക്കുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരസാധനങ്ങൾ, ഐസ്, ശീതളപാനിയങ്ങൾ എന്നിവ ഒഴിവാക്കുക.
കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കാതിരിക്കുക, ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കുക.
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്താതിരിക്കുക.