5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MR Ajith Kumar: ശബരിമലയിലും ‘എഡിജിപി’ പവർ; അമിതാധികാരം പ്രയോ​ഗിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

MR Ajith Kumar: 2023 ലെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അനന്തഗോപനും നിലവിലെ പ്രസിഡന്റ് പ്രശാന്തും എഡിജിപിയുടെ ക്രമവിരുദ്ധമായ ഇടപെടലിനെ കുറിച്ചും നയങ്ങളെ കുറിച്ചും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല.

MR Ajith Kumar: ശബരിമലയിലും ‘എഡിജിപി’ പവർ; അമിതാധികാരം പ്രയോ​ഗിച്ചെന്ന്  ഇന്റലിജൻസ് റിപ്പോർട്ട്
athira-ajithkumar
Athira CA | Published: 09 Sep 2024 17:26 PM

തിരുവനന്തപുരം: ശബരിമലയിൽ എഡിജിപിയുടെ അമിതാധികാരം എന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ എഡിജിപി എം ആർ അജിത്കുമാർ കടന്നുകയറി. പ്രത്യേക താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥരെയും പൊലീസുകാരെയും നിയോ​ഗിച്ചെന്നുമാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. പമ്പയിലെ പാർക്കിം​ഗ് എഡിജിപിയുടെ പ്രത്യേക നിയന്ത്രണത്തിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം പ്രസിഡന്റിനോട് മോശമായി പെരുമാറിയെന്നും റിപ്പോർട്ടിലുണ്ട്. എഡിജിപി എംആർ അജിത് കുമാറിന്റെ നീക്കങ്ങളെ കുറിച്ച് പലഘട്ടത്തിലും ഇന്റലിജൻസ് ബ്യൂറോ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി ഭക്തർ കുഴഞ്ഞുവീണ് മരിക്കുകയും പമ്പയിൽ നിന്ന് മാലയൂരി മടങ്ങി പോകുകയും ചെയ്തു. ശബരിയിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയാതെ വന്നതോടെ രാഷ്ട്രീയ വിവാ​ദങ്ങൾ ഉടലെടുത്തിരുന്നു. വിഷയത്തിൽ ഹെെക്കോടതിയുടെ ഇടപെടലുമുണ്ടായി. 2023 ലെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അനന്തഗോപനും നിലവിലെ പ്രസിഡന്റ് പ്രശാന്തും എഡിജിപിയുടെ ക്രമവിരുദ്ധമായ ഇടപെടലിനെ കുറിച്ചും നയങ്ങളെ കുറിച്ചും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല.

എഡിജിപിക്കെതിരായ ആരോപണങ്ങൾ ഉയരുന്നതിനിടെ ഡിജിപി ഷെയ്ഖ് ​ദർവേശ് സാഹിബും ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച രാത്രിയും ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകളെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാട്ടില്ല.

അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യവുമായി പിവി അൻവർ എംഎൽഎ രം​ഗത്തെത്തി. ക്രമസമാധാന ചുമതലയിൽ എഡിജിപി തുടരുന്നത് തന്നെ കുടുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. മാറ്റി നിർത്തുന്നതിനൊടൊപ്പം അജിത് കുമാറിനെ ഇന്റലിജൻസ് നീരിക്ഷിക്കണമെന്നും രാഷ്ട്രീയ അട്ടിമറിക്ക് എഡിജിപി കൂട്ടുനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഡിജിപി അന്വേഷിക്കും. സർവ്വീസ് ചട്ടലംഘനവും അധികാര ദുർവിനിയോഗവും നടന്നോയെന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. എഡിജിപിക്കെതിരായ വിവാദത്തിൽ സിപിഎം അതൃപ്തി പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.

രണ്ടുതവണയാണ് ആർഎസ്എസ് നേതാക്കളെ അജിത് കുമാർ കണ്ടത്. 2023 മെയ് 22ന് തൃശൂരിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. സുഹൃത്ത് ജയകുമാറിന്റെ നിർദേശ പ്രകാരം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളയുമായി സ്വകാര്യ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. 2023 ജൂൺ രണ്ടിന് കോവളത്ത് വെച്ചാണ് റാം മാധവിനെ കണ്ടത്. കണ്ണൂർ സ്വദേശിയായ ബിസിനസ് സുഹൃത്തും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. എഡിജിപിക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദമേറുകയാണ്.