Thrissur Police Academy: പോലീസ് അക്കാദമിയിൽ വനിതാ പോലീസിനോട് ലൈംഗികാതിക്രമം: ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൻമേലാണ് നടപടി. ഇയാൾക്കെതിരെ അഭ്യന്തര സമിതിയുടെ അന്വേഷണം പൂർത്തിയായിരുന്നു
തൃശ്ശൂർ: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശ്ശൂർ പോലീസ് അക്കാദമിയിലെ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ ഡി ജി പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്.
അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൻമേലാണ് നടപടി. ഇയാൾക്കെതിരെ അഭ്യന്തര സമിതിയുടെ അന്വേഷണം പൂർത്തിയായിരുന്നു. വിയ്യൂർ പോലീസും കെ പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മെയ് 18, 22 തീയ്യതികളിലായാണ് പ്രേമനിൽ നിന്നും വളരെ മോശമായ രീതിയിലുള്ള അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
ഉദ്യോഗസ്ഥയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു ഇയാൾ പിന്നെയും പല തവണ ഇതാവർത്തിച്ചു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി. വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ തൻറെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷം അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അല്ലാത്ത പക്ഷം അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി താൻ വളരെ അധികം പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടറെ നേരിട്ട് പരാതിയിൽ അറിയിച്ചിരുന്നു.
പിന്നാലെയാണ് ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്. പരാതി വന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. സസ്പെന്‍ഷൻ കൂടാതെ വകുപ്പ് തല നടപടിയും ഇയാൾക്കെതിരെയുണ്ടാവും.