Adgp MR Ajithkumar : ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണം, ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കും
Adgp MR Ajithkumar Allegations : പിവി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ഒരു മുൻവിധിയുമില്ലാതെ അന്വേഷണം നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത്
കോട്ടയം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ എഡിജിപി എംആർ അജിത്കുമാറിനെതിരെ അന്വേഷണം. മുഖ്യമന്ത്രി തന്നെയാണ് ഇത് വ്യക്തമാക്കിയത്. കോട്ടയത്ത് നടന്ന പോലീസ് അസ്സോസിയേഷൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി തലത്തിൽ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന. പിവി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ഒരു മുൻവിധിയുമില്ലാതെ അന്വേഷണം നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതേസമയം ഡിജിപി തലത്തിൽ അന്വേഷണം നടക്കാനാണ് സാധ്യതയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ പത്തനംതിട്ട എസ്പി എസ് സുജിത്ദാസിൻ്റെ ഫോൺകോൾ റെക്കോർഡിങ്ങ് പുറത്ത് വിട്ടാണ് പിവി അൻവർ വിവാദങ്ങൾക്ക് തുടക്കമിട്ടത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് തിരിമറി ഉണ്ടായെന്ന അൻവറിൻ്റെ പരാതി പിൻവലിക്കണമെന്നായിരുന്നു സുജിത്ദാസിൻ്റെ ആവശ്യം.
ഇതിന് കാല് വരെ പിടിച്ച് കെഞ്ചുന്ന തരത്തിലായിരുന്നു് എസ്പിയുടെ സംഭാഷണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് എഡിജിപി എംആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അടക്കം നിരവധി ആരോപണങ്ങൾ പിവി അൻവർ എംഎൽഎ ഉന്നയിച്ചിരുന്നു.