Infant Death: കുഞ്ഞ് മരിച്ചതിൽ അസ്വാഭാവികതയില്ല; മരണകാരണം കുപ്പിയുടെ അടപ്പ് കുടുങ്ങിയത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Infants Death Postmortem Report: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും അടപ്പ് തൊണ്ടയിൽ കുടുങ്ങിത്തന്നെയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പിതാവ് നിസാർ ആരോപിച്ചിരുന്നു. മാങ്കാവ് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നിസാറിൻ്റെ മൂത്ത മകൻ രണ്ടര വർഷം മുൻപ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഇതോടെയാണ് ദുരൂഹത ആരോപിച്ച് നിസാർ പോലീസിൽ പരാതിപ്പെട്ടത്.
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിത്തന്നെയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മറ്റ് അസ്വാഭാവികതകൾ കണ്ടെത്താനായില്ല. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും അസ്വാഭാവികതകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. നിസാറും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടെന്ന് സൂചനകളുണ്ട്. രണ്ട് പേരും രണ്ട് വീടുകളിലായാണ് താമസമെന്നും വിവരമുണ്ട്.
തിങ്കളാഴ്ചയായിരുന്നു സംഭവം. കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി തൊണ്ടയിൽ അടപ്പ് കുടുങ്ങിയതിന് പിന്നാലെ കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പതിനാല് ദിവസം പ്രായമായപ്പോഴാണ് നിസാറിൻ്റെ ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടത്. രണ്ട് കുട്ടികളും ഭാര്യയുടെ വീട്ടിൽ വച്ചാണ് മരണപ്പെട്ടതെന്നും സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും നിസാർ ആരോപിച്ചു. മുൻപൊരിക്കൽ കുഞ്ഞ് ഓട്ടോറിക്ഷയിൽ നിന്ന് വീണപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു. ഇതിലും അസ്വാഭാവികതയുണ്ടെന്നും നിസാർ ആരോപിച്ചു. പിന്നീടാണ് പിതാവ് പോലീസിൽ പരാതിപ്പെട്ടത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കുത്തേറ്റ് മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പയ്യന്നൂർ സ്വദേശി സുരേഷ് മരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിക്ക് കാസർഗോഡ് ഉപ്പള ടൗണിൽ വച്ചാണ് സംഭവം. ഉപ്പളയിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തിരുന്നയാളാണ് സുരേഷ്. മുൻപും നിരവധി കേസുകളിൽ പ്രതിയായ സവാദാണ് സുരേഷിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളായതിനെതുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സുരേഷ് മരണപ്പെടുകയായിരുന്നു.
ഉപ്പളയിലെ ഫ്ലാറ്റുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നയാളായിരുന്നു സുരേഷ്. മംഗളുരുവിലെ ആശുപത്രിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.