5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Card Sugar: തിരികെയെത്തുന്നു…; മഞ്ഞ കാർഡുകാർക്ക് ഇതാ സന്തോഷവാർത്ത

Ration Card Sugar Restored: സാമ്പത്തിക പ്രതിസന്ധിയും വിലവർധനയും കാരണം ജനുവരി മുതലാണ് റേഷൻകട വഴിയുള്ള പഞ്ചസാര വിതരണത്തിൽ തടസ്സം നേരിട്ടത്. കിലോയ്ക്ക് 21 രൂപയായിരുന്നു അന്നത്തെ വില. പൊതുവിപണിയിലിപ്പോൾ 43-46 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വില വരുന്നത്.

Ration Card Sugar: തിരികെയെത്തുന്നു…; മഞ്ഞ കാർഡുകാർക്ക് ഇതാ സന്തോഷവാർത്ത
Yellow Ration Card Sugar . (Image Credits: Social media/ gettyimages)
neethu-vijayan
Neethu Vijayan | Updated On: 22 Sep 2024 10:28 AM

സംസ്ഥാനത്ത് റേഷൻകട വഴിയുള്ള പഞ്ചസാര വിതരണം പുനരാരംഭിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. മഞ്ഞക്കാർഡുകാർക്ക് (yellow ration card sugar) എല്ലാം മാസവും ഒരു കിലോ വീതം പഞ്ചസാരയാണ് നൽകുക. വിലകൂട്ടിയെങ്കിലും പഞ്ചസാര വിതരണം തുടങ്ങണമെന്ന ഭക്ഷ്യവകുപ്പിന്റെ ശുപാർശ ധനവകുപ്പിനു കൈമാറിയിട്ടുണ്ട്. മന്ത്രിസഭായോഗം ചേർന്നായിരിക്കും പഞ്ചസാരയുടെ വില എത്ര കൂട്ടണമെന്ന് തീരുമാനിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും വിലവർധനയും കാരണം ജനുവരി മുതലാണ് റേഷൻകട വഴിയുള്ള പഞ്ചസാര വിതരണത്തിൽ തടസ്സം നേരിട്ടത്. കിലോയ്ക്ക് 21 രൂപയായിരുന്നു അന്നത്തെ വില. പൊതുവിപണിയിലിപ്പോൾ 43-46 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വില വരുന്നത്. സപ്ലൈകോ പഞ്ചസാരവില 33 രൂപയായി അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, അത്രയും വർധന റേഷൻകടയിലൂടെ നൽകുന്ന പഞ്ചസാരയ്ക്ക് ഉണ്ടാകില്ല.

ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് മഞ്ഞക്കാർഡുകാർ. അതിനാൽ, ഇവർക്കു നൽകുന്ന പഞ്ചസാരയുടെ നിശ്ചിത തുക നൽകുന്നത് കേന്ദ്രമാണ്. ബാക്കി തുക കണ്ടെത്തേണ്ടത് സംസ്ഥാനമാണ്. സപ്ലൈകോ വഴി പഞ്ചസാര സംഭരിച്ച് റേഷൻ കടവഴി നൽകിയശേഷം കണക്കു സമർപ്പിച്ചാലേ കേന്ദ്രത്തിൽനിന്നു തുക കിട്ടുകയുള്ളൂ.

ഏറെക്കാലമായി പഞ്ചസാര വിതരണം മുടങ്ങിയതിനാൽ കേന്ദ്രത്തിൽ നിന്നുള്ള സഹായം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. നേരത്തേ റേഷൻ കടവഴി എല്ലാവിഭാഗം കാർഡുകാർക്കും പഞ്ചസാര നൽകിവന്നിരുന്നു. അതേസമയം ഹരിതകർമസേനയുടെ യൂസർഫീയിൽ നിന്ന് റേഷൻ കടക്കാരെ ഒഴിവാക്കണമെന്ന ശുപാർശ ഭക്ഷ്യവകുപ്പ് തദ്ദേശവകുപ്പിനു നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യവും മറ്റും റേഷൻ കടകളിലില്ലാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

100 രൂപയാണ് ഹരിതകർമസേനയുടെ പ്രതിമാസ യൂസർഫീ. റേഷൻ വ്യാപാരികളിൽ പലരും ഇതു നൽകുന്നില്ല. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിൽ ലൈസൻസ് പുതുക്കലിനു ചെല്ലുമ്പോൾ കുടിശ്ശിക ഉൾപ്പെടെ ഈടാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്ഷ്യമന്ത്രി ഇക്കാര്യങ്ങൾ തദ്ദേശവകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ALSO READ: മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് നാളെ മുതൽ; എവിടെ എപ്പോൾ മുതൽ ചെയ്യാം? വിശദവിവരങ്ങൾ

റേഷൻ കാർഡ് മസ്റ്ററിങ്

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് സെപ്റ്റംബർ 18 മുതൽ ആരംഭിച്ചിരുന്നു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടക്കുന്നത്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ 25 മുതൽ ഒക്ടോബർ ഒന്നുവരെ മസ്റ്ററിങ് നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മൂന്നാം ഘട്ടം ഒക്ടോബർ മൂന്നു മുതൽ എട്ടുവരെയാണ്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ട മസ്റ്ററിങ് നടക്കുക. ഒക്ടോബർ 15-ന് മുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.

നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ മസ്റ്ററിങ് പ്രക്രിയ വീണ്ടും നടത്താൻ തീരുമാനിച്ചത്. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരി നൽകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.