West Nile fever: കോഴിക്കോട് വെസ്റ്റ് നൈൽ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ രോഗ മുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ പനി ജാഗ്രത. പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരുന്നുണ്ട്.
സംസ്ഥാനത്ത് പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ രോഗ മുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ച രണ്ട് പേരുടെ സാമ്പിൾ ഫലം വന്നിട്ടില്ല.
എന്താണ് വെസ്റ്റ് നൈൽ പനി?
ക്യൂലക്‌സ് കൊതുക് വഴി പടരുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കണ്ടുവരുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്.
വെസ്റ്റ് നൈൽ പനിയുടെ രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് വെസ്റ്റ് നൈൽ പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. എന്നാൽ ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ് വെസ്റ്റ് നൈൽ പനിക്ക്.
രോഗപ്രതിരോധവും ചികിത്സയും
വൈസ്റ്റ് നൈൽ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധമാണ് പ്രധാനനമായും ശ്രദ്ധിക്കേണ്ടത്. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും. ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതാണ്.