5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jaundice in Kerala: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം; ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ മന്ത്രി

എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

Jaundice in Kerala: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം; ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ മന്ത്രി
neethu-vijayan
Neethu Vijayan | Published: 17 May 2024 21:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

‘കിണറുകൾ, കുടിവെള്ള സ്‌ത്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ സംസ്ഥാനത്ത് ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കും. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും.’ മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശം നൽകി.

അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ളവ നടത്തണം.

പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങൾ ചേർന്ന് ജാഗ്രതാ നിർദേശം നൽകി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോർട്ട് സംസ്ഥാനത്ത് ചെയ്യുന്നത്.

നിലവിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. എല്ലാ ജില്ലകളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്ന് കണ്ടെത്തിയത്തിയിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ ആരോ​ഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളുവെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.

മഞ്ഞപ്പിത്തതിന് കാരണം

രക്തത്തിലെ ബിലിറൂബിന്റെ അളവ് വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ഇതേതുടർന്ന് ചർമത്തിലും കണ്ണുകളിലും നഖത്തിലുമെല്ലാം മഞ്ഞനിറം പ്രത്യക്ഷപ്പെടും.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ

മഞ്ഞനിറമാണ് ആദ്യ ലക്ഷണം. കണ്ണികളിലായിരിക്കും ആദ്യം മഞ്ഞനിറം കാണുക. രോഗം ഗുരുതരമാകുന്നതിന് അനുസരിച്ചാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മഞ്ഞനിറം വ്യാപിക്കുക.

ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറൂബിൻ 4 മില്ലിഗ്രാം മുതൽ 8 മില്ലിഗ്രാമോ അല്ലെങ്കിൽ അതിൽ കൂടുതലോ ആകുന്നതിന് കാരണമാകും.

മഞ്ഞനിറത്തിന് പുറമെ വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി, തലകറക്കം, ആഹാരത്തിന് രുചിയില്ലായമ, കരളിന്റെ ഭാഗത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പുള്ളതും എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങൾ പാടില്ല, മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക, ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.