Kerala Rain Alert : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കഴിഞ്ഞ ദിവസത്തെ മഴയിൽ വ്യാപകനാശം
IMD Issues Heavy Rain In Kerala: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുള്ള ഇന്ന് രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളം കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം കയറിയത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു.
ഇതിനിടെ, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാനാണ് ഒഡീഷ സർക്കാരിൻ്റെ ശ്രമം. ഒഡീഷയിലെ വിവിധ മ്യൂസിയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനമായിരുന്നു. ഇവിടെ 200ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. പശ്ചിമ ബംഗാളിൽ 23 മുതൽ 25 വരെ സ്കൂളുകൾ അടച്ചിടും.. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുകയായിരുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാള്‍ തീരത്തേക്കാകും ദന നീങ്ങുകയെന്നും ഇത് കേരളത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.