IB Officer’s Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി
IB Woman Officer Death in Thiruvananthapuram: യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയതായാണ് പോലീസ് പറയുന്നത്. ഇതിനായി വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പെടെ പോലീസ് കണ്ടെടുത്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് സുകാന്തിനെതിരെ കൂടുതൽ തെളിവുമായി പോലീസ്. യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയതായാണ് പോലീസ് പറയുന്നത്. ഇതിനായി വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പെടെ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വർഷം ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടത്തിയത്. ഇതിന്റെ തെളിവുകളും രേഖകളും പോലീസിന് ലഭിച്ചു.
ഗർഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറുകയായിരുന്നു. വിവാഹത്തിന് താൽപാര്യമില്ലെന്ന് യുവതിയുടെ അമ്മയോട് സുകാന്ത് അയച്ചിരുന്നു. ഇത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. ഇതാണ് ജീവനൊടുക്കാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പോലീസിന് ലഭിച്ചത്.
അതേസമയം നിലവിൽ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പോലീസ് കോടതിയെ അറിയിക്കും. കുടുംബവും ഗർഭച്ഛിദ്രം നടത്തിയ തെളിവുകൾ കോടതിയിൽ നൽകും. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്. അതേസമയം, ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ സുകാന്തിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സുകാന്ത് സമർപ്പിച്ച ജാമ്യഹർജിയിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു. തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തെന്നും ഹർജിയിലുണ്ട്. ബന്ധം തുടരാൻ തീരുമാനിച്ച് തങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന്‍റെ കാരണം മാതാപിതാക്കളുടെ സമ്മർദ്ദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുന്നു.