Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും ഇന്ന് ചോദ്യം ചെയ്യും
Hybrid Ganja case: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാമേഖലയിൽ നിന്നുള്ളവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തെളിയിക്കാനാണ് ഇരുവരെയും എക്‌സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാമേഖലയിൽ നിന്നുള്ളവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തെളിയിക്കാനാണ് ഇരുവരെയും എക്‌സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാകും ചോദ്യം ചെയ്യൽ.
നടന്മാർക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ മോഡല്‍ ഇടനിലക്കാരിയാണോ എന്ന സംശയം എക്സൈസിനുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.