Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവു കേസ്; റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസയച്ച് എക്സൈസ്
Hybrid Ganja case: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്നാണ് തസ്ലിമ സുൽത്താന (ക്രിസ്റ്റീന) ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ് അയച്ച് എക്സൈസ്. ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസയച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച എല്ലാവരും ഹാജരാകണം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്നാണ് തസ്ലിമ സുൽത്താന (ക്രിസ്റ്റീന) ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. പിന്നാലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ വ്യാഴാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
തസ്ലിമ സുൽത്താന റിയാലിറ്റി അവതാരകനുമായി പണമിടപാട് നടത്തിയതായി അന്വേഷണത്തിൽ എക്സൈസ് കണ്ടെത്തി. തുടർന്ന് അന്വേഷണം കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ മോഡലിലേക്കും നീണ്ടു.പെൺവാണിഭ ഇടപാടുകൾ ഇതിന് പിന്നിലുണ്ടോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
യുവതിയായ മോഡലിന് സിനിമാ മേഖലയിലും ബന്ധമുണ്ട്. ഇവർ മുഖേന പല പെൺകുട്ടികളെയും തസ്ലിമ പ്രമുഖർക്ക് എത്തിച്ച് കൊടുത്തതായാണ് വിവരം. തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന തരത്തിൽ പലരുടെയും നമ്പറുകളുണ്ട്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.