ബസിൽ ഭാര്യയുമായി വഴക്കിട്ട് യുവാവ് പുറത്തേക്ക് ചാടി; കാലിന് പരിക്ക്
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്
കോട്ടയം: നടു റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും പുറത്തേക്ക് ചാടി യുവാവിൻറെ പരാക്രമം. നാട്ടകത്ത് തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. വൈക്കം ഇടയാഴം സ്വദേശിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിലായിരുന്നു നാടകീയമായ സംഭവങ്ങൾ. ദമ്പതികൾ തമ്മിൽ ചങ്ങനാശ്ശേരി മുതല്‍ തർക്കമുണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു. ബസ് നാട്ടകം മറിയപ്പള്ളി ഭാഗത്തേക്ക് എത്തിയപ്പോഴേക്കും ഇറങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.
എന്നാൽ ബസ് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ നിർത്തു എന്നായിരുന്നു ജീവനക്കാരുടെ ഭാഗം. തർക്കം മുറുകുന്നതിനിടയിൽ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി.
ഉടൻ ഡ്രൈവർ ബസ് നിർത്തി, ഇയാളുടെ ഭാര്യ തന്നെയാണ് 108 ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ഇയാൾക്ക് ഇടത് കാലിന് ഒടിവുണ്ട്. ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്.