Christmas train ticket: ക്രിസ്മസിന് നാട്ടിലെത്താൻ ട്രെയിൻ നോക്കേണ്ട; റിസർവേഷൻ ആരംഭിച്ച ദിവസംതന്നെ മുഴുവൻ ടിക്കറ്റും വിറ്റു
Christmas train tickets Huge rush: ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യമായതിനാലാണ് ഈ തിരക്കെന്നാണ് നിഗമനം. കൂടുതൽപ്പേരും ഈ ദിവസങ്ങളിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ശ്രമിക്കുന്നത്.
ചെന്നൈ: ഓണക്കാലത്തെ തിരക്കുകൾ തുടങ്ങും മുമ്പു തന്നെ ക്രിസ്മസ് കാലത്തേക്കുള്ള ട്രെയിൻ ടിക്കറ്റിന് കടുത്ത ക്ഷാമം വന്നാലോ? ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളിൽ നാട്ടിലെത്താൻ ടിക്കറ്റ് റിസർവ്വ് ചെയ്യാനെത്തിയവരാണ് കഴിഞ്ഞ ദിവസം ഞെട്ടിയത്. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വണ്ടികളിലാണ് റിസർവേഷൻ പൂർത്തിയായത്. പ്രധാനമായും തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലായിരുന്നു ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്ക് അനുഭവപ്പെട്ടത്.
ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പി എക്സ്‌പ്രസ് തുടങ്ങിയ തീവണ്ടികളിലാണ് പ്രധാനമായും തിരക്ക്. ഈ തീവണ്ടികളിലാണ് തുടങ്ങിയ ദിവസം തന്നെ ബർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നു. സാധാരണയായി ട്രെയിൻ പുറപ്പെടുന്നതിന് 120 ദിവസം മുൻപാണ് റിസർവേഷൻ തുടങ്ങുക. ഡിസംബർ 20-നും 21-നും ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റിനാണ് ഏറ്റവും തിരക്ക്.
ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യമായതിനാലാണ് ഈ തിരക്കെന്നാണ് നിഗമനം. കൂടുതൽപ്പേരും ഈ ദിവസങ്ങളിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനാലാകാം തിരക്ക് കൂടുതൽ എന്നും വിലയിരുത്താം. ഡിസംബർ 20-ലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 22-നും 21-ലേക്കുള്ളത് ഓഗസ്റ്റ് 23-നുമാണ് ആരംഭിച്ചത്. അന്നുതന്നെ ബർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നതായാണ് റിപ്പോർട്ട്.
ALSO READ – ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ; ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ
ശനിയാഴ്ച രാവിലെയാണ് ഡിസംബർ 22-ന് വൈകീട്ട് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ബുക്കിങ് തുടങ്ങിയത്. തിരുവനന്തപുരം, ആലപ്പി എക്സ്‌പ്രസുകളിൽ ടിക്കറ്റ് തീർന്നത് മണിക്കൂറുകൾക്കുള്ളിലാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. സ്ലീപ്പർ, തേഡ് എ.സി., സെക്കൻഡ് എ.സി. ക്ലാസുകളിൽ ഒരേസമയം ടിക്കറ്റ് തീരുകയായിരുന്നു എന്നും സൈറ്റിൽ നിന്ന് കിട്ടിയ വിവരങ്ങൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മെയിലിൽ കുറച്ചുടിക്കറ്റുകൾകൂടി ബാക്കിയുണ്ട് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
തെക്കൻ ജില്ലകളിലേക്ക് ക്രിസ്മസിന് യാത്രത്തിരക്ക് രൂക്ഷമാണെങ്കിലും മലബാർ മേഖലയിലേക്കുള്ള തീവണ്ടികളിൽ ധാരാളം ടിക്കറ്റുകൾ ബാക്കിയുണ്ട് എന്നത് മറ്റൊരു രസകരമായ വസ്തുത. ക്രിസ്മസിനൊപ്പം ശബരിമല മണ്ഡല-മകര വിളക്ക് തീർഥാടനകാലംകൂടി തുടങ്ങിയതാവാം തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരുടെ ഈ ഒഴുക്കിനു കാരണം.
ഡിസംബർ മാസത്തിൽ ചെന്നൈയിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് തീവണ്ടികളിൽ തിരക്ക് പതിവായിരിക്കുകയാണ് ഇപ്പോൾ. സ്കൂൾ അവധിയുള്ളതിനാൽ ആളുകൾ കുടുംബമായി ചെന്നൈയിൽ നിന്ന് നാട്ടിലേക്കു പോകുന്നതും ഡിസംബറിലാണ്. ഇതും തിരക്കുവർധിക്കുന്നതിന് കാരണമാകുന്നുണ്ട്. സാധാരണ
റെയിൽവേ സ്പെഷ്യൽ തീവണ്ടി സർവീസുകൾ നടത്താറുള്ളതാണ്. പക്ഷെ അതിന്റെ പ്രഖ്യാപനത്തിനായി ഇനിയും മൂന്നരമാസമെങ്കിലും കാത്തിരിക്കണം.