5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslides: വയനാട് ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ആര്‍ക്കും ദത്തെടുക്കാമോ? നിയമങ്ങള്‍ ഇങ്ങനെ

Wayanad Landslides Adoption: അനാഥത്വത്തിന്റെ നിഴലിലേക്ക് ചേക്കേറിയ കുട്ടികളെ ദത്തെടുക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് പറഞ്ഞുവരുന്നവരുടെ നാടാണ് കേരളം. പ്രായമായ അച്ഛനമ്മമാരെ ഞങ്ങള്‍ പൊന്നുപോലെ നോക്കാമെന്ന് പറയുന്നവരും നമുക്കിടയിലുണ്ട്.

Wayanad Landslides: വയനാട് ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ആര്‍ക്കും ദത്തെടുക്കാമോ? നിയമങ്ങള്‍ ഇങ്ങനെ
PTI Image
shiji-mk
Shiji M K | Published: 05 Aug 2024 10:01 AM

വയനാട് ഉരുള്‍പൊട്ടല്‍ ആ പ്രദേശത്ത് മാത്രമല്ല നാശം വിതച്ചത്, അവിടെ ജിവിച്ചിരുന്ന ഓരോരുത്തരിലുമാണ്. ഒരുപാട് പേരെ മരണം കവര്‍ന്നെടുത്തപ്പോള്‍ അവരുടെ കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ പലരും അനാഥരായി. ആരുമില്ല ഞാന്‍ ജീവിതത്തില്‍ ഒറ്റയ്ക്കായി എന്ന് പറഞ്ഞ് വിലപിക്കുന്നവര്‍ ക്യാമ്പുകളില്‍ ഏറെയാണ്. നിരവധി കുട്ടികള്‍ക്ക് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പ്രായമായവര്‍ക്ക് മക്കളെയും നഷ്ടപ്പെട്ടു, അങ്ങനെ നിരവധി പേര്‍ക്കാണ് ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. അനാഥത്വത്തിന്റെ നിഴലിലേക്ക് ചേക്കേറിയ കുട്ടികളെ ദത്തെടുക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് പറഞ്ഞുവരുന്നവരുടെ നാടാണ് കേരളം. പ്രായമായ അച്ഛനമ്മമാരെ ഞങ്ങള്‍ പൊന്നുപോലെ നോക്കാമെന്ന് പറയുന്നവരും നമുക്കിടയിലുണ്ട്.

ആ ദുരന്തത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമോ? എന്താണ് അതിന്റെ നടപടിക്രമങ്ങള്‍ എന്ന് പരിശോധിക്കാം.

Also Read: CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട

നടപടികള്‍

കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. ഈ സൈറ്റില്‍ ഓരോ സംസ്ഥാനം തിരിച്ചും ഓരോ ജില്ല തിരിച്ചും അഡോപ്ഷന്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ ആകെ 14 അഡോപ്ഷന്‍ ഏജന്‍സികളാണുള്ളത്. നിങ്ങള്‍ താമസിക്കുന്ന ജില്ലയ്ക്ക് അനുസരിച്ചുള്ള സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയാണ് സെലക്ട് ചെയ്യേണ്ടത്.

ഇതിന് ശേഷം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസും അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രവും രജിസ്റ്റര്‍ ചെയ്തയാളുകളുടെ ഹോം സ്റ്റഡി നടത്തും. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ശരീരിക മാനസിക അല്ലെങ്കില്‍ വൈകാരിക സ്ഥിരതയുള്ളവരും സാമ്പത്തികമായി കഴിവുള്ളവരുമായിരിക്കണം. ഇവര്‍ക്ക് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അസുഖങ്ങളും ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല.

പങ്കാളികളില്‍ രണ്ടുപേരുടെയും പൂര്‍ണമായ സമ്മതം ദത്തെടുക്കലിന് ആവശ്യമാണ്. അച്ഛന്റെയും അമ്മയുടെയും വയസുകള്‍ തമ്മില്‍ കൂട്ടിനോക്കുമ്പോള്‍ അവര്‍ക്ക് 85 വയസില്‍ താഴെയാണ് വരുന്നതെങ്കില്‍ 0 മുതല്‍ 2 വയസുവരെയുള്ള കുഞ്ഞിനെ ദത്തെടുക്കാവുന്നതാണ്. 85 നും 90 നും ഇടയിലാണ് പ്രായം വരുന്നതെങ്കില്‍ രണ്ട് മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികളെ ഇവര്‍ക്ക് ദത്തെടുക്കാവുന്നതാണ്.

90നും 100നും ഇടയിലാണ് പ്രായം വരുന്നതെങ്കില്‍ നാല് വയസ് മുതല്‍ എട്ട് വയസുവരെ പ്രായമുള്ള കുട്ടികളെയും ദത്തെടുക്കാവുന്നതാണ്. 100നും 110നും ഇടയില്‍ വരുന്നവര്‍ക്ക് എട്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരെയാണ് ദത്തെടുക്കാവുന്നത്. എന്നാല്‍ പ്രായം 55 ന് മുകളിലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ സാധിക്കില്ല. കൂടാതെ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുമ്പോള്‍ അവരുടെ സമ്മതവും ആവശ്യമാണ്.

ഇനിയിപ്പോള്‍ സിംഗിള്‍ പാരന്റായി കുഞ്ഞിനെ ദത്തെടുക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് ഏത് ജെന്‍ഡറിലുള്ള കുട്ടിയെയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കൂ. 25 വയസ് പൂര്‍ത്തിയായ ആര്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കാം. കുട്ടിയും രക്ഷിതാവും തമ്മില്‍ 25 വയസിന്റെ വ്യത്യാസമുണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

Also Read: Wayanad Landslide: ദുരന്ത സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എൽപിക്കണം; റവന്യൂ വകുപ്പ്

കേരളത്തില്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വാര്‍ഷിക വരുമാനം വേണ്ടത് രണ്ടര ലക്ഷം രൂപയും അതിന് മുകളിലുമാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വ്യത്യസ്തമാണ്. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ് മൂന്ന് വര്‍ഷം കാലയളവ് വെയിറ്റിങ് പിരിയഡ് ആണ്. ഈ മൂന്ന് വര്‍ഷത്തിന് ശേഷമായിരിക്കും കുഞ്ഞുങ്ങളെ ലഭിക്കുക.

വയനാട്

വയനാട്ടിലെ സാഹചര്യം പരിശോധിക്കുമ്പോള്‍, ഇപ്പോള്‍ അനാഥരെന്ന് കരുതപ്പെടുന്ന എത്ര കുട്ടികള്‍ അനാഥരാണെന്ന കാര്യം വ്യക്തമല്ല. അവരുടെ ബന്ധുക്കല്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം കണ്ടെത്തേണ്ടതുണ്ട്. അതിന് ശേഷം മാത്രമായിരിക്കും ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കുക. ഇത്തരം നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വയനാടിനെ പ്രത്യേക കേസായി പരിഗണിക്കുമോ എന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.