How Old Are You: ഡല്‍ഹി യാത്രയില്‍ പൂത്തിറങ്ങിയ സ്വപ്നം; ഹൗ ഓള്‍ഡ് ആര്‍ യു കൈപ്പിടിച്ചുയര്‍ത്തുന്ന കേരളത്തിലെ ‘വാര്‍ധക്യം’
How Old Are You Project: ഇപ്പോഴിതാ നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് രാജ്യത്ത് തന്നെ ആദ്യമായി വയോജന കമ്മീഷന്‍ നലവില്‍ വരുന്നത്. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള മാര്‍ഗനിര്‍ദേശക ബോഡിയാണ് നിലവില്‍ വരാന്‍ പോകുന്നത്. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയോഗപ്രദമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പിച്ചു നല്‍കുന്ന മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമാണ്.

പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തന്നെ പലര്‍ക്കും പേടിയാണ്. പ്രായമായി കഴിഞ്ഞാല്‍ ജീവിതം എങ്ങനെയായിരിക്കും എന്നത് തന്നെയാണ് പലരരെയും ആശങ്കപ്പെടുത്തുന്നത്. പല ബാധ്യതകള്‍ കാരണം മനസിലുള്ള ആഗ്രഹങ്ങളെല്ലാം നിറവേറ്റാന്‍ സാധിക്കാതെ അതെല്ലാം വാര്‍ധക്യത്തിലേക്ക് മാറ്റിവെക്കുന്നവരും ധാരാളം. എന്നാല്‍ വാര്‍ധക്യകാലത്ത് ഭൂരിഭാഗം ആളുകള്‍ക്കും അവരുടെ സ്വപ്‌നങ്ങളിലേക്ക് ചിറകുയര്‍ത്തി പറക്കാന്‍ സാധിക്കുന്നില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കായി അല്ലെങ്കില്‍ അവര്‍ക്ക് താങ്ങായി നമ്മുടെ രാജ്യത്ത് ഉപകാരപ്രദമായ പദ്ധതികളൊന്നും തന്നെയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇപ്പോഴിതാ നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് രാജ്യത്ത് തന്നെ ആദ്യമായി വയോജന കമ്മീഷന്‍ നലവില്‍ വരുന്നത്. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള മാര്‍ഗനിര്‍ദേശക ബോഡിയാണ് നിലവില്‍ വരാന്‍ പോകുന്നത്. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയോഗപ്രദമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പിച്ചു നല്‍കുന്ന മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ ഇതെല്ലാം വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രവര്‍ത്തിച്ച് തുടങ്ങി യുവാവാണ് ഷിജിന്‍ കെപി.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സംരംഭം വഴിയാണ് ഷിജിന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വഴികാട്ടിയാകുന്നത്. ഈ പ്രവര്‍ത്തനത്തിലേക്ക് വെറുതെ ഒരു ഇറങ്ങിവരവായിരുന്നില്ല അദ്ദേഹത്തിന്റേത്. പ്രായമായവരെ പിന്തുണയ്ക്കാനും അവരെ കൈപിടിച്ച് മുന്നോട്ട് നയിക്കാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. അവരുടെ ആരോഗ്യവും ക്ഷേമവും നിലനിര്‍ത്താന്‍ മാത്രമല്ല, സര്‍ഗ്ഗാത്മകത, പഠനം, സുഹൃദ്ബന്ധം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു ഇടമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്നാണ് ഷിജിന്‍ പറയുന്നത്.

ഷിജിന്‍ കെപി
ഹൗ ഓള്‍ഡ് ആര്‍ യു
ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സംരഭത്തിന്റെ ആശയം എനിക്ക് ലഭിച്ചത്. ഞാന്‍ യാത്ര ചെയ്ത ബോഗിയില്‍ നാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രിപ്പ് വന്ന കൂറെ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടായിരുന്നു. റിട്ടയര്‍മെന്റ് ലൈഫ് എന്‍ജോയ് ചെയ്യുന്ന അവരോട് നാട്ടില്‍ എത്തുന്നത് വരെ ഒരുപാട് സംസാരിക്കാന്‍ സാധിച്ചിരുന്നു. അങ്ങനെയാണ് ഒരു കാര്യം മനസിലായത്, അവരില്‍ നിന്ന് ടൂര്‍ ഏജന്റ് നല്ലൊരു തുക കൈപ്പറ്റിയിട്ടുണ്ടെന്ന്. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ അത്രയ്ക്ക് പണയൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ അവരുടെ ഉത്തരം ഇതായിരുന്നു. ഞങ്ങള്‍ക്ക് റിസ്‌ക്ക് എടുക്കാന്‍ പറ്റില്ല മോനെ. പിന്നെ ഇത്തരം ടൂര്‍ കൊണ്ടുപോകാന്‍ മക്കളും തയാറല്ല.
അവരോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് 62ാം വയസില്‍ ഭരതനാട്യം പഠിക്കുന്ന റിട്ടയേര്‍ഡ് കെഎസിഇബി ക്ലര്‍ക്കിനെ പരിചയപ്പെടാന്‍ പറ്റിയത്. പ്രായത്തിന്റെ ഒരു അവശതയും അവരില്‍ ഞാന്‍ കണ്ടില്ല. വളരെ ചുറുചുറുക്കോടെ ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന അവരൊക്കെ എനിക്ക് പുതിയ അറിവാണ് നല്‍കിയത്. അങ്ങനെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഒരു സംരഭം തുടങ്ങണമെന്ന് ആലോചിച്ചത്. ഇന്ന് ഹൗ ഓള്‍ ആര്‍ യുവില്‍ 400 ലധികം അംഗങ്ങള്ളുണ്ട്. ഈ കമ്മ്യൂണിറ്റിയിലൂടെ എഐ, ഗ്രാഫിക് ഡിസൈന്‍, മെന്റല്‍ ഹെല്‍ത്ത് സെഷന്‍, മീറ്റപ്പുകള്‍ എന്നിവയും നടത്തുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത
2011ലെ സെന്‍സസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 10.40 കോടി വയോജനങ്ങള്‍ രാജ്യത്തുണ്ട്. അതായത്, ജനസംഖ്യയുടെ 8.6 ശതമാനം. ജനസംഖ്യാ വളര്‍ച്ചാനിരക്ക് സൂചികയായെടുത്താല്‍ ഇത് 11.10 ശതമാനമെന്ന കണക്കിലേക്ക് കുതിക്കുന്നതായി കാണാം. 2046 ആകുന്നതോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം പതിനഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ 2026 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാല്‍ഭാഗം മുതിര്‍ന്ന പൗരന്മാരായിരിക്കും. വാര്‍ധക്യം ഇനി ഒരു വ്യക്തിപരമായ യാത്ര മാത്രമല്ല, ആഴത്തിലുള്ള ഇടപെടല്‍ ആവശ്യമുള്ള ഒരു സാമൂഹിക വെല്ലുവിളി കൂടിയാണ്. മുതിര്‍ന്ന പൗരന്മാര്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. അവരുടെ ആശങ്കകള്‍ പ്രാധാന്യമില്ലാത്തതായി കണക്കാക്കപ്പെടുന്നുവെന്ന് ഷിജിന്‍ പറയുന്നു.
ഹൗ ഓള്‍ഡ് ആര്‍ യു അംഗങ്ങള്‍
ഹൗ ഓള്‍ഡ് ആര്‍ യു എന്ന കമ്മ്യൂണിറ്റി
ഈ വാട്ട്‌സാപ്പ് കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ഷിജിന്റെ ലക്ഷ്യം, മുതര്‍ന്ന പൗരന്മാരുടെ ആരോഗ്യം നിലനിര്‍ത്താനും പഠനം തുടരാനും സാമൂഹിക ബന്ധങ്ങള്‍ രൂപീകരിക്കാനും ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പ്രവര്‍ത്തനം. വീഡിയോ കോളിംഗ്, ഇന്റര്‍നെറ്റ് നാവിഗേഷന്‍ എന്നിവയുള്‍പ്പെടെ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചുകൊണ്ടാണ് തുടക്കം. കാലക്രമേണ, മാനസികാരോഗ്യ സെഷനുകള്‍, മീറ്റ് അപ്പുകള്‍, ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് ഇത് വികസിക്കുകയായിരുന്നു.
ഒരു ചെറുപ്പക്കാരന്‍ തങ്ങളെ പിന്തുണയ്ക്കാന്‍ സമയം ചെലവഴിക്കുന്നത് കണ്ട് പല മുതിര്‍ന്ന പൗരന്മാരും ആദ്യം അത്ഭുതപ്പെട്ടിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ കീഴില്‍ മുത്തശ്ശി സോപ്പ് എന്ന പുതിയ ഉത്പ്പന്നം നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഷിജിന്‍. ഇതിലൂടെ മുതിര്‍ന്നവരെ സാമ്പത്തികമായി പിന്തുണയ്ക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. സോപ്പ് നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രായമായവര്‍ക്ക് പരിശീലനവും അസംസ്‌കൃത വസ്തുക്കളും നല്‍കുമെന്നും ഷിജിന്‍ പറയുന്നു.
കൂടാതെ പ്രായമായവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബ്രെയിന്‍ എക്‌സര്‍സൈസ് ഗെയിമുകള്‍ വികസിപ്പിക്കാനും ഷിജിന്‍ പദ്ധതിയിടുന്നുണ്ട്. പ്രായമായവരെ പലപ്പോഴും മറന്ന് പോകുന്ന ഈ കാലത്ത് ഹൗ ഓള്‍ഡ് ആര്‍ യു അവരെ കേള്‍ക്കുകയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
ഷിജിന്‍ നല്‍കിയ ധൈര്യം
”ഭര്‍ത്താവ് 2006ല്‍ വിട പറഞ്ഞു, അതിനു ശേഷം ഞാന്‍ ജോലിയില്‍ നിന്നും 2017ല്‍ റിട്ടയര്‍ ചെയ്തത്. വീട്ടിലെ കാര്യമല്ലാതെ വേറെ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഹൗ ഓള്‍ഡ് ആര്‍ യു വില്‍ ഭാഗമായതിന് ശേഷം ഞാന്‍ 67 വയസില്‍ നിന്നും 40 ലേക്ക് ഇറങ്ങിവന്നു. കാരണം ഒത്തിരി അറിവുകളും പുതിയ സൗഹൃദങ്ങളും ലഭിച്ചു. ഇതെന്റെ ഗ്ലൂമിയായ ജീവിതം മാറ്റി മറിച്ചു. ഞാനിപ്പോള്‍ സന്തോഷവതിയാണ്,” ഹൗ ഓള്‍ഡ് ആര്‍ യു മെമ്പറായ സുരജ വിജയന്‍ പറയുന്നു.
ഹൗ ഓള്‍ഡ് ആര്‍ യു അംഗങ്ങള്‍
”ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഈ കൂട്ടായ്മ, തൊഴിലില്‍ നിന്ന് വിരമിച്ചവര്‍ക്കും ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്നവര്‍ക്കും ഒരു ആശ്വാസവും ഊര്‍ജവുമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ആളുകളെ സംഗീതത്തിലൂടെയും മറ്റു കലകളിലൂടെയും കൂട്ടിച്ചേര്‍ക്കുവാന്‍ ഈ കമ്മ്യൂണിറ്റിക്ക് സാധിച്ചു. പലരുടെയും ഉള്ളില്‍ ഉറങ്ങി കിടന്നതും, ജീവിത ഭാരത്തിനിടയില്‍ ഉപേക്ഷിക്കേണ്ടി വന്നതുമായ കാലാവാസനകളെ ഉണര്‍ത്തുവാനും പഴയതിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് വരുവാനും ഈ കമ്മ്യൂണിറ്റിക്ക് സാധിച്ചു. ശാസ്ത്രസാങ്കേതിക വിദ്യകളില്‍ അഭിരുചി ഇല്ലാത്തവരെ ഔട്ട്‌ഡേറ്റഡ് എന്നു പറഞ്ഞു തള്ളിക്കളയുന്ന ഈ ജനറേഷന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാനുള്ള വിദ്യകള്‍ പഠിച്ചു,” ഹൗ ഓള്‍ഡ് ആര്‍ യു മെമ്പറായ മോളി ടികെ പറഞ്ഞു.