Vote Counting Process: പെട്ടി പൊട്ടിക്കുമ്പോൾ… വോട്ടെണ്ണൽ എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? നടപടിക്രമങ്ങൾ ചെറുതല്ല
Vote Counting Process And Procedures: വോട്ടെണ്ണൽ തുടങ്ങുന്നതിന് കൃത്യ സമയത്ത് മാത്രമേ സ്ട്രോങ്ങ് റൂമുകൾ തുറക്കുകയുള്ളൂ. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാൻ സാധിക്കുകയുള്ളൂ. അവിടത്തെ ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുന്നു.
നാളെ പുറത്തു വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ജയപരാജയങ്ങൾ എന്താണേലും അത് മുന്നണികളിൽ തുടർചലനങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തെരഞ്ഞെടുപ്പ് കൂടിയായതിനാൽ വിജയം ആർക്കൊപ്പമെന്നത് ശ്രദ്ധേയമാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി രാജിവെച്ചതിനെത്തുടർന്ന് ഒഴിവു വന്ന വയനാട് സീറ്റിൽ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോൺഗ്രസ് മത്സരത്തിന് ഇറക്കിയത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർത്ഥി.
ചേലക്കരയിൽ യു വി പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണൻ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിൻ (എൽഡിഎഫ്), രാഹുൽ മാങ്കൂട്ടത്തിൽ ( യുഡിഎഫ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരും തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. തീവ്ര പോരാട്ടം നടന്ന പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.
വോട്ടെണ്ണൽ എന്നാൽ നമ്മൾ കരുതുന്നതുപോലെ അത്ര എളുപ്പമുള്ള ഒന്നല്ല. തെരഞ്ഞെടുപ്പ കമ്മീഷൻ ചട്ടങ്ങൾ പ്രകാരം റിട്ടേണിങ്ങ് ഓഫീസർ ആണ് വോട്ടെണ്ണൽ നടത്തുക. സാധാരണ രീതിയിൽ ഈ സ്ഥാനത്തിരിക്കുന്നത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അഥവാ ജില്ലാ കളക്ടർ ആയിരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കും ഇക്കാര്യത്തിൽ അടുത്ത ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്.
വോട്ടെണ്ണൽ എങ്ങനെ…?
വോട്ടെണ്ണൽ തുടങ്ങുന്നതിന് കൃത്യ സമയത്ത് മാത്രമേ സ്ട്രോങ്ങ് റൂമുകൾ തുറക്കുകയുള്ളൂ. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാൻ സാധിക്കുകയുള്ളൂ. അവിടത്തെ ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുന്നു.
വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുന്നത്. കണ്ട്രോൾ യൂണിറ്റ് കൊണ്ടുവന്ന ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സൂപ്പർവൈസർ വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം സീല് പൊട്ടിക്കുന്നു. ശേഷം ഓരോ യന്ത്രത്തിലെയും റിസൾട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഏജന്റുമാരുടെ നിരീക്ഷണത്തോടെ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച് ഉറപ്പുവരുത്തുന്നു.
ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും ആദ്യമെണ്ണുക. അത് റിട്ടേണിങ് ഓഫീസറുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിൻ്റെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതാണ്. പോസ്റ്റൽ ബാലറ്റുകൾ അതിനുള്ളിൽ എണ്ണിതീർന്നില്ലെങ്കിലും ഈ പ്രക്രിയയിലേക്ക് കടക്കും.
വോട്ടിങ് മെഷീനുകൾ എല്ലാം എണ്ണിത്തീർന്നതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ ഏതെങ്കിലും രണ്ട് മെഷീൻ എടുത്ത് അതിലെ എണ്ണെ കൃത്യമാണോ എന്ന് ഉറപ്പുവരുത്തണം. ഒരു റൗണ്ട് പൂർത്തിയായൽ അവ കൃത്യമായി പട്ടികയാക്കിയ ശേഷം അതിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. ഇങ്ങനെ ഒരോ ഘട്ടം കഴിയുമ്പോഴും എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ റിട്ടേണിങ് ഓഫീസർ മാറ്റിവെച്ച് അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരുന്നതിനായി നിർദ്ദേശം നൽകും.
അതേസമയം എല്ലാ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിച്ച് തുടങ്ങുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഏതെങ്കിലും തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. കാരണം ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം മാത്രമാണ് അന്തിമവിധി ഔദ്യേഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
ആരാണ് വോട്ട് എണ്ണുന്നത്?
വോട്ടുകൾ എണ്ണാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് റിട്ടേണിങ് ഓഫീസറായ ജില്ലാ കളക്ടറാണ്. വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ എണ്ണം എത്ര വോട്ടെണ്ണൽ മുറികളുണ്ടെന്നും, ഓരോ മുറിയിലും എത്ര വോട്ടെണ്ണൽ മേശകളുണ്ടെന്നും കണക്കാക്കിയായിരിക്കും. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ എന്നതാണ് വ്യവസ്ഥ. എന്നാൽ കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം അത് ഒരു ഗസറ്റഡ് റാങ്കുള്ള ഓഫീസർ ആയിരിക്കണം. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്ക് അരികിലുണ്ടാവുന്നതാണ്. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തലാണ് മൈക്രോ ഒബ്സർവറുടെ ജോലി.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്നത് മൂന്നു ഘട്ടങ്ങളായാണ്.
- ആദ്യഘട്ടം: ഒരാഴ്ച മുമ്പുതന്നെ വേണ്ട സ്റ്റാഫിനെ കണ്ടെത്തി വിവരം അറിയിക്കുന്നു. വേണ്ടതിലും 20 ശതമാനം പേരെ അധികമായി നിയോഗിക്കുന്നതാണ്.
- രണ്ടാം ഘട്ടം: വോട്ടെണ്ണലിന് 24 മണിക്കൂർ മുമ്പ് നിയമസഭാ മണ്ഡലം അനുസരിച്ച് അവരെ വേർതിരിക്കും.
- മൂന്നാം ഘട്ടം: വോട്ടെണ്ണൽ ദിനം പുലർച്ചെ അഞ്ച് മണിക്കാണ് അവർക്ക് വോട്ടെണ്ണൽ മേശയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമാകുകയുള്ളൂ.
ആർക്കെല്ലാം മൊബൈൽ ഫോൺ ഉപയോഗിക്കാം?
വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന് മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കൂ. സ്ഥാനാർത്ഥിക്കോ, റിട്ടേണിങ് ഓഫീസർക്കോ, അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോ പോലും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അധികാരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളിൽ പറയുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും 100 മീറ്റർ വ്യാസത്തിൽ ഒരു പെരിഫറി ബാരിക്കേഡ് ചെയ്ത് സുരക്ഷിതമാക്കണമെന്നാണ് ചട്ടം. ഈ ബാരിക്കേഡിനുള്ളിലേക്ക് അനാവശ്യമായി ആരെയും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. മൂന്ന് തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ആരാണെങ്കിലും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അതായത് വോട്ടെണ്ണൽ കേന്ദ്രത്തിലെ മൂന്നു ചെക്ക് പോയിന്റുകളിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നു വരുന്നവർ പരിശോധനകൾക്ക് വിധേയരാവണം. സാധാരണ ഗതിക്ക് കേന്ദ്രത്തിൻ്റെ സുരക്ഷാ ചുമതല സ്റ്റേറ്റ് ആംഡ് പോലീസ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി തുടങ്ങിയ ഏതെങ്കിലും സേനകൾക്കായിരിക്കും.