Exit Poll Result 2024: 2019-ൽ കേരളത്തിൻ്റെ എക്സിറ്റ് പോൾ ശരിയായിരുന്നോ? രാജ്യത്തെയോ?
Kerala Lok Sabha Election Exit Poll and Final Result 2019 : കേരളത്തിൽ ഒരു സീറ്റിൽ വിജയിച്ച് ബിജെപി അക്കൗണ്ട് തുറക്കുമെന്നും, കോൺഗ്രസ്സിന് മൃഗീയ വിജയമുണ്ടാകുമെന്നും അന്ന് എക്സിറ്റ് പോളിൽ പറഞ്ഞിരുന്നു
തിരഞ്ഞെടുപ്പ് ഫലങ്ങൾ എത്താൻ ഇനിയും രണ്ട് ദിവസങ്ങൾ കൂടിയുണ്ടെങ്കിലും എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നത് എക്സിറ്റ് പോൾ ഫലങ്ങളിലേക്കാണ്. വൈകുന്നേരം ആറു മണിയോടെ തന്നെ വിവിധ ഏജൻസികളുടെ അടക്കം ഏക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സിറ്റ് പോളുകളെ ഏത്രത്തോളം വിശ്വസിക്കാൻ സാധിക്കും? എന്തായിരുന്നു കഴിഞ്ഞ വട്ടത്തെ എക്സിറ്റ് പോൾ? അതാണ് ഇനി പരിശോധിക്കുന്നത്, കേരളത്തിൻറെ അടക്കം എക്സിറ്റ് പോൾ പ്രവചനങ്ങൾ ദേശിയ തലത്തിൽ പോലും കഴിഞ്ഞ തവണ (2019-ൽ) വലിയ ചർച്ചയായതാണ്. കോൺഗ്രസ്സിനും,എൻഡിഎയ്ക്കും ഒരു പോലെ അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങളായിരുന്നു 2019-ലേത്.
ALSO READ: Exit Poll Result 2024: തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഒരു പ്രവചനം; എക്സിറ്റ് പോൾ ഫലങ്ങൾ?
2019-ലെ കേരളത്തിൻ്റെ എക്സിറ്റ് പോൾ
ന്യൂസ്-18 ൻ്റെ ഐപിഎസ്ഒഎസ് എക്‌സിറ്റ് പോൾ ഒഴികെ മറ്റ് മൂന്ന് പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് കേരളത്തിലെ 20 സീറ്റുകളിൽ 15-16 സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ്, ന്യൂസ് 24-ടുഡേസ് ചാണക്യ, ടൈംസ് നൗ-വിഎംആർ എന്നീ എക്സിറ്റ്പോൾ ഫലങ്ങളിലായിരുന്നു കോൺഗ്രസ്സിൻറെ വിജയം പ്രവചിച്ചിരുന്നത്.
എന്നാൽ ന്യൂസ്18-ഐപിഎസ്ഒഎസ് എക്‌സിറ്റ് പോളിൽ സിപിഎമ്മിന് 11-13 സീറ്റുകളും കോൺഗ്രസിന് 7-9 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. ന്യൂസ് 24-ടുഡേയുടെ ചാണക്യ എക്‌സിറ്റ് പോൾ ഒഴികെ ബാക്കി മൂന്ന് പേരും പറഞ്ഞത് ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നായിരുന്നു. എന്നാൽ ഇതുണ്ടായില്ലെന്ന് മാത്രമല്ല 20-ൽ 10 മണ്ഡലങ്ങളിലും കോൺഗ്രസ്സ് മൃഗീയ വിജയം നേടുകയും. ആലപ്പുഴയിൽ എൽഡിഎഫ് വിജയിക്കുകയും ചെയ്തു.
20-ൽ 15 സീറ്റും യുഡിഎഫ് നേടുമെന്നായിരുന്നു ടൈംസ് നൗ-വിഎംആർ എക്സിറ്റ് പോൾ ഫലങ്ങൾ, എൻ.ഡി.എ.ക്ക് സംസ്ഥാനത്ത് ഒരു സീറ്റും ഇടതു മുന്നണിക്ക് വെറും നാല് സീറ്റുകളുമായിരുന്നു അന്ന് പറഞ്ഞിരുന്നത്. യു.ഡി.എഫിന് 15 മുതൽ 16 വരെ സീറ്റുകൾ നൽകി മികച്ച നേട്ടമുണ്ടാക്കുമെന്നായിരുന്നു ഇന്ത്യ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോൾ ഫലങ്ങൾ.
കേരളത്തിൽ ഒരു സീറ്റിൽ വിജയിച്ച് ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ സർവേ പ്രവചിച്ചിരുന്നു. യു.ഡി.എഫിന് 16 സീറ്റുകളും ഇടതുമുന്നണിക്ക് നാല് സീറ്റുകളുമായിരുന്നു ന്യൂസ് 24-ചാണക്യയുടെ പ്രവചനം. കോൺഗ്രസ് സഖ്യം 16 സീറ്റുകളിലും എൽഡിഎഫ് 4 സീറ്റുകളിലും വിജയിക്കുമെന്ന് ന്യൂസ് നേഷനും പ്രവചിച്ചിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.
ഫലം വന്നപ്പോൾ
കേരളത്തിൽ ഫലം വന്നപ്പോൾ 20-ൽ 19 മണ്ഡലങ്ങളും യുഡിഎഫ് വിജയിക്കുകയും ഒരേ ഒരു മണ്ഡലത്തിൽ മാത്രം എൽഡിഎഫ് വിജയിക്കുകയും ചെയ്തു. ആലപ്പുഴയിലായിരുന്നു എൽഡിഎഫിൻ്റെ വിജയമെങ്കിൽ എൻഡിഎയ്ക്ക് സാധ്യത പ്രവചിച്ചിരുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ കോൺഗ്രസ്സ് വിജയിച്ചു.പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേക്കും, തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തേക്കുമായിരുന്നു വോട്ട് വിഹിതത്തിൽ എൻഡിഎ പിന്നോട്ട് പോയത്.
രാജ്യത്ത്
രണ്ട് ഏജൻസികളൊഴികെ 2019- എല്ലാവരും പ്രവചിച്ചിരുന്നത് എൻഡിഎയ്ക്ക് 300-ന് മുകളിൽ സീറ്റുകളായിരുന്നു. ഇതിൽ ഇന്ത്യാ ടുഡേ ആക്സിസ് ഫലങ്ങൾ 339 മുതൽ 365 വരെയും, ന്യൂസ് 24 ടുഡേ ചാണക്യ ഫലങ്ങൾ 350 സീറ്റുകളുമായിരുന്നു എൻഡിഎയ്ക്ക് പ്രവചിച്ചത് ടൈംസ് നൌ വിഎംആർ 306 സീറ്റുകൾ, ന്യൂസ് 18 -336 സീറ്റുകൾ, സി വോട്ടർ 287, ഇന്ത്യ ന്യൂസ് പോൾസ്റ്റ്രാട്ട് 287 സീറ്റുകൾ എന്നായിരുന്നു കണക്ക്
യുപിഎയ്ക്ക് ഇന്ത്യാ ടുഡേ 77 മുതൽ 108 സീറ്റുകളും, ന്യൂസ് 24 ടുഡേ ചാണക്യ 95 ഉം ടൈംസ് നൌ വിഎംആർ 132 ഉം, ന്യൂസ് 18- 82 ഉം , സീ വോട്ടർ- 128 ഉം സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ എൻഡിഎ 353 സീറ്റുകളും യുപിഎ 93 സീറ്റുകളുമാണ് നേടിയത്.