Angamaly Fire Accident: അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം; മരിച്ചത് അച്ഛനും അമ്മയും കുട്ടികളും
Angamaly Fire Accident: ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോവാന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോവാന എന്നിവരാണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ALSO READ: സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. രാത്രിയായതിനാൽ തീ പടർന്നുപിടിച്ചത് പ്രദേശവാസികൾ അറിഞ്ഞിരുന്നില്ല. പത്രം ഇടാൻ എത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞ് മറ്റുള്ളവരെ അറിയിച്ചത്.
പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവം എന്നാണ് നിഗമനം. വീടിന്റെ മുകൾ നിലയിലെ മുറിയിലായിരുന്നു കുടുംബം കിടന്നിരുന്നത്. മാതാവ് താഴത്തെ നിലയിലായതിനാൽ രക്ഷപ്പെട്ടു. ആലുവ റൂറൽ എസ്പി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.