ചൂട് കുറയുന്നില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, കനത്ത ജാഗ്രതാ നിര്‍ദേശം
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 11 മണി മുതല്‍ 3 മണി വരെ നടത്തുന്ന അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍ 11 മുതല്‍ 3 മണി വരെ പുറംജോലികള്‍ ചെയ്യാന്‍ പാടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങളെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം. ചൂട് ശക്തിയാകുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പുറംജോലികള്‍, വിനോദം എന്നിവയിലും നിയന്ത്രണം കൊണ്ടവുവരും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 11 മണി മുതല്‍ 3 മണി വരെ നടത്തുന്ന അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍ 11 മുതല്‍ 3 മണി വരെ പുറംജോലികള്‍ ചെയ്യാന്‍ പാടില്ല. പകല്‍ സമയത്ത് പരിശീലനം, ഡ്രില്‍, സമ്മര്‍ ക്യാമ്പ് എന്നിവ ഒഴിവാക്കണം. സ്‌കൂളുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി വേണം പ്രവര്‍ത്തിക്കാന്‍. ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങും.
പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മെയ് ആറ് വരെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, വയനായ് ജില്ലകളില്‍ ഒഴികെ ബാക്കി ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് കൂടുക എന്നാണ് മുന്നറിയിപ്പ്.
മെയ് ആറ് വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാകും മുന്നറിയിപ്പ് നല്‍കുക. പൊലീസ്, അഗ്നിരക്ഷാ സേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന സമയം ക്രമീകരിക്കാനും നിര്‍ദേശം നല്‍കും.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഓഡിറ്റിങ് നടത്തണം. വേണ്ട സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. മാത്രമല്ല ആശുപത്രികളിലും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്തണം.
കാട്ടുതീ ഉണ്ടാകുന്നത് തടയാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാല്‍ വിടരുത്. ലയങ്ങള്‍, ആദിവാസി മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനത്തില്‍ പൊതു സ്ഥലങ്ങളില്‍ തണല്‍ മരം വെച്ചുപിടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.