Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
Bobby Chemmanur Health Issues : രണ്ട് ദിവസം തനിക്ക് അപകടം സംഭവിച്ചെന്നും അതിൽ കാലിനും നട്ടെലിൻ്റെ ഭാഗത്തും പരിക്ക് ഉണ്ടെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. 14 ദിവസത്തേക്ക് കോടതി ബോചെയെ റിമാൻഡ് ചെയ്തത്.
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണ്ണൂർ കോടതി മുറിയിൽ തല കറങ്ങി വീണു. വിധി കേൾക്കുന്ന സമയത്ത് രക്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് ബോചെ പ്രതികൂട്ടിൽ തളർന്നിരിക്കുകയായിരുന്നു. തുടർന്ന് ബോചെയെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ബോചെയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോചെയുടെ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം തനിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ബോബി ചെമ്മണ്ണൂർ കോടതിയ അറിയിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തിൽ തൻ്റെ കാലിനും നട്ടിലിൻ്റെ ഭാഗത്തും പരിക്കേറ്റിട്ടുണ്ടെന്നും, താൻ ഒരു അൾസർ രോഗിയാണെന്നും ബോബി ചെമ്മണ്ണൂർ കോടതിയോട് പറഞ്ഞു. എന്നാൽ പോലീസിൻ്റെ ഭാഗത്ത് മർദനമോ മറ്റൊന്നുമുണ്ടായില്ലയെന്നും ബോചെ കോടതിയെ അറിയിക്കുകയും ചെയ്തു.
ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി വ്യവസായിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റ വാക്കിൽ ജാമ്യമില്ലെന്ന് അറിയിച്ച കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാകും ബോചെയെ ജയിലിലേക്ക് മാറ്റുക. കാക്കനാട് ജില്ല ജയിലിലേക്കാണ് ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോകുക. ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വ്യവസായിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബോചെ നാളെ അപ്പീൽ നൽകും.