Holi Special Train: ഹോളി കളറാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; കോട്ടയം വഴി നാല് സർവീസുകൾ
Holi 2025 Special Train For Kerala: കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിനുള്ള സാധാരണയായി അനുവദിക്കാറില്ല. ഇത്തവണത്തെ യാത്രാ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഈ ട്രെയിൻ നീട്ടാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

മുംബൈ: ഹോളിയോട് അനുബന്ധിച്ച് കേരളത്തിന് റെയിൽവേയുടെ സമ്മാനം. മുംബൈയിൽനിന്നു കേരളത്തിലേക്കാണ് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും (തിരുവനന്തപുരം നോർത്ത്) തിരിച്ചും നാലു സർവീസുകളാണ് ഉണ്ടാവുക. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിൽ ഉണ്ടാവുക.
കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിനുള്ള സാധാരണയായി അനുവദിക്കാറില്ല. ഇത്തവണത്തെ യാത്രാ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഈ ട്രെയിൻ നീട്ടാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. വേനലവധിയായതിനാൽ അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും ആ ട്രെയിൻ സർവീസ് ഗുണം ചെയ്യും. ഇതിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.
പുണെയിൽ നിന്ന് എറണാകുളത്തേക്ക് നേരത്തേ സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നതാണ്. എന്നാൽ കോവിഡിനു ശേഷം സർവീസ് നിർത്തുകയായിരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന മുംബൈ കൊച്ചുവേളി ട്രെയിനിന് എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
എൽടിടി–കൊച്ചുവേളി (01063): മാർച്ച് ആറി, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും (തിരുവനന്തപുരം നോർത്ത്).
കൊച്ചുവേളി–എൽടിടി (01064): മാർച്ച് എട്ട്, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45ന് എൽടിടിയിലെത്തിച്ചേരുന്നതാണ്.