Higher Secondary Exam: ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ പണമില്ല; സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം
Education Department Direct Schools To Conduct Exams: ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് സൂചന. മാർച്ച് മാസത്തിൽ തീരുമാനിച്ചിരിക്കുന്ന പരീക്ഷ നടത്താനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയത്.
മാർച്ച് മാസത്തിൽ തീരുമാനിച്ചിരുന്ന ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. പരീക്ഷ നടത്താനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്ന് കണ്ടെത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. നേരത്തെ, പരീക്ഷകൾ നടത്താനുള്ള പണം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകുമായിരുന്നു. പരീക്ഷ അവസാനിച്ചതിന് ശേഷം ബാക്കിയുള്ള പണം വിദ്യാഭ്യാസ വകുപ്പിന് മടക്കിനൽകുകയായിരുന്നു പതിവ്.
ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും ഇംപ്രൂവ്മെൻ്റ് പരീക്ഷകളുമൊന്നും നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്നാണ് ലഭ്യമാവുന്ന വിവരം. പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ടിൽ പണമില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറ്റാവശ്യങ്ങൾക്കായി സ്കൂളുകളിൽ മാറ്റിവച്ചിട്ടുള്ള പിഡി ഫണ്ടിൽ നിന്ന് പണമെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാകുമ്പോൾ തിരികെ പിഡി അക്കൗണ്ടിൽ അടച്ചാൽ മതിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കുന്നു.
അതേസമയം, പൊതുപരീക്ഷകൾക്കായി കുട്ടികളിൽ നിന്ന് സർക്കാർ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഈ പണം ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. എന്നിട്ടും അക്കൗണ്ടിൽ പണമില്ലെന്നും പരീക്ഷ നടത്താൻ കഴിയില്ലെന്നും പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ചില അധ്യാപകർ ആരോപിച്ചു.
ഈ വർഷം മാർച്ച് മൂന്ന് മുതൽ മാർച്ച് 26 വരെയാണ് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ നടക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ്/സപ്ലിമെൻ്ററി പരീക്ഷകൾ മാർച്ച് ആറ് മുതൽ 29 വരെയും നടക്കും.
മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ മെഡിസിൻ പഠിക്കണ്ട
എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം എന്നതാണ് പുതിയ നിയമം. അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം എന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചു. നിലവിലുള്ള ഈ വ്യവസ്ഥ തുടരാമെന്നറിയിച്ച മെഡിക്കൽ കമ്മീഷൻ ചില ഉപാധികളും മുന്നോട്ടുവച്ചു.
രണ്ട് വർഷം മുൻപ് ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിക്കൊണ്ടാണ് മെഡിക്കൽ കമ്മീഷൻ്റെ പുതിയ ഉത്തരവ്. രണ്ട് നിയമനങ്ങൾ താത്കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നതാണ് ഒരു ഉപാധി. ഒപ്പം, മേല്പറഞ്ഞ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കൽ ബിരുദധാരികളെ ലഭ്യമായില്ലെങ്കിൽ മാത്രമായിരിക്കും എംഎസ്‌സിയും പിഎച്ച്ഡിയും കഴിഞ്ഞ ഉദ്യോഗാർത്ഥികളുടെ നിയമനം നടത്തുക എന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. മേൽപ്പറഞ്ഞ അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്ക് നിയമനം നൽകും. ഇങ്ങനെ ഫാക്വൽറ്റി അംഗമാവുന്ന ഉദ്യോഗാർത്ഥികളുടെ നിയമനങ്ങൾ പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുക. ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024 എന്ന നിർദ്ദേശത്തിലാണ് പുതിയ ഉത്തരവ്.