5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

തൃശ്ശൂർ പൂരം; എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി

കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

തൃശ്ശൂർ പൂരം; എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി
തൃശ്ശൂർപൂരം
neethu-vijayan
Neethu Vijayan | Published: 15 Apr 2024 16:34 PM

കൊച്ചി: തൃശ്ശൂർ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ആനകളുടെ മുന്നിൽ ആറ് മീറ്റർ ഒഴിച്ചിടണമെന്നും ഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്വം ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. 18ന് അഭിഭാഷകർ തൃശ്ശൂരിലെത്തി പൂരനടത്തിപ്പിന്റെ സമയത്ത് ഫിറ്റ്നസ് പരിശോധന പൂർണമായും നിരീക്ഷിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരി​ഗണനയെന്നും കോടതി വ്യക്തമാക്കി. ആനകളുടെ 50 മീറ്റർ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും ആളുകളും പാടില്ലെന്ന പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലർ വിവാദമായതോടെ പിൻവലിച്ചിരുന്നു. തുടർന്ന് സുരക്ഷിത ദൂരത്തേക്ക് ആളുകളടക്കം മാറണമെന്ന നിർദേശം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരി​ഗണിച്ച കോടതി അകലം 6 മീറ്ററായി നിജപ്പെടുത്തി.

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കുലർ എന്നായിരുന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതിൻറെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ മാറ്റം വന്നിരിക്കുന്നത്.