KSRTC: പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; വിരമിച്ച ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണം, സർക്കാരിന് താക്കീതുമായി ഹൈക്കോടതി
KSRTC: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണമെന്ന് ഹെെക്കോടതി സർക്കാരിന് നിർദേശം നൽകി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷനാണ് ഓണത്തിന് മുമ്പ് നൽകേണ്ടത്. ജീവനക്കാരുടെ ആത്മഹത്യയിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ആരാഞ്ഞു. പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുതെന്നും സർക്കാരിന് കോടതി സർക്കാരിന് താക്കീത് നൽകി.
കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണമെന്ന് ഹെെക്കോടതി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷനാണ് ഓണത്തിന് മുമ്പ് നൽകേണ്ടത്. നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടെന്നും സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ആരാഞ്ഞു. പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുതെന്നും സർക്കാരിന് കോടതി സർക്കാരിന് താക്കീത് നൽകി.
പെൻഷൻ ലഭിക്കാത്തിനെ തുടർന്ന് വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്തിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പെൻഷൻ സമയബന്ധിതമായി കൊടുത്തുതീർക്കണമെന്ന് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ തിരുവനന്തപുരം കാട്ടാക്കടയിൽ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. എന്നാൽ കെഎസ്ആർടിസി ജീവനക്കാരന്റെ ആത്മഹത്യയ്‌ക്ക് കാരണം പെൻഷൻ ലഭിക്കാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ 20നാണ് റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആത്മഹത്യ ചെയ്തത്. ജൂലൈ, ഓഗസ്റ്റ് എന്നീ രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ഗതാഗത സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ജീവനക്കാരന്റെ ആത്മഹത്യ. പെൻഷൻ മുടങ്ങിയത് മൂലം സുരേഷിന്റെ ചികിത്സ മുടങ്ങുകയും കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ഉദ്യോഗസ്ഥനായിരുന്നു സുരേഷ്.
പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൻഷൻ മുടങ്ങിയതിലെ മനോവിഷമം അച്ഛനെ അലട്ടിയിരുന്നതായി മരണശേഷം മകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് 72.23 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ശമ്പളവും പെൻഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനായി പ്രതിമാസം 50 കോടി രൂപ സഹായമായി നൽകുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇതുവരെ 5940 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്.